അട്ടപ്പാടി: അട്ടപ്പാടി ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക.
പൈലറ്റ് പദ്ധതിയായിട്ടാണ് ഇതിനു സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അട്ടപ്പാടി മേഖലയിലെ 30000ത്തോളം ആദിവാസി ജനവിഭാഗങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമല്ലാത്ത ചികിത്സ ഇ.എം.എസ് ആശുപത്രിയില്‍ ലഭിക്കും. ഭക്ഷണത്തിനും യാത്രാ സൗകര്യത്തിനുമുളള ചെലവ് സര്‍ക്കാര്‍ വഹിക്കും. ഗുണഭോക്താക്കള്‍ക്ക് ആരോഗ്യ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും.
അട്ടപ്പാടിയിലുള്ള ആദിവാസി കോളനികളില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ച് പോഷകാഹാരം ഉള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തിയും ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ ജീവനക്കാരുടേയും സഹായത്തോടെ മൊബൈല്‍ ക്ലിനിക്കുകള്‍ നടത്തിയും പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
ആവശ്യമായ മരുന്നുകളും ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിനുള്ള ഉപകരണങ്ങളും ആംബുലന്‍സ് സൗകര്യവും ലഭ്യമാക്കും. ആരോഗ്യ പരിപാലനത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍, മാതൃ-ശിശു സംരക്ഷണത്തിന് പ്രതിരോധ കുത്തിവെപ്പ്, പോഷകാഹാര വിതരണം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അഞ്ചു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയ്ക്ക് 12 കോടി 50 ലക്ഷം രൂപയാണ് ചെലവ്. ആദ്യ വര്‍ഷത്തേക്ക് ആവശ്യമായ ഒന്നരകോടി രൂപ സര്‍ക്കാര്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുണ്ട്.
പദ്ധതി ജനകീയ പിന്തുണയോടെ വിജയകരമായി നടത്തുന്നതിനു വേണ്ടി വിദഗ്ധ സമിതിയേയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഊരുകളില്‍ മെഡിക്കല്‍ ക്യാംപുകളും ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നത് ഇ.എം.എസ് ആശുപത്രി അധികൃതരായിരിക്കും. പദ്ധതി ഈ മാസം 26ന് കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.