43 കമ്പനികളുടെ 3.53 ലക്ഷം കോടി രൂപയുടെ കടങ്ങൾ സർക്കാർ എഴുതിത്തള്ളി: സഞ്ജയ് സിങ്
NATIONALNEWS
43 കമ്പനികളുടെ 3.53 ലക്ഷം കോടി രൂപയുടെ കടങ്ങൾ സർക്കാർ എഴുതിത്തള്ളി: സഞ്ജയ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th August 2024, 4:54 pm

ന്യൂദൽഹി: വിവിധ കമ്പനികളുടെ 3.53 ലക്ഷം കോടി രൂപയുടെ കടങ്ങൾ കേന്ദ്ര സർക്കാർ എഴുതിത്തള്ളിയാതായി ആം ആദ്മി പാർട്ടിയുടെ എം.പി സഞ്ജയ് സിങ്.

വിലക്കയറ്റിൽ നിന്ന് ആശ്വാസം നൽകണമെന്ന് സാധാരണക്കാർ ആവശ്യപ്പെടുമ്പോൾ പണമില്ലെന്ന് പറയുന്ന സർക്കാർ വിവിധ കമ്പനികളുടെ 3.53 ലക്ഷം കോടി രൂപയുടെ കടങ്ങൾ എഴുതിത്തള്ളിയെന്ന് അദ്ദേഹം പറഞ്ഞു.

‘വിലക്കയറ്റിൽ നിന്ന് ആശ്വാസം നൽകണമെന്ന് സാധാരണക്കാർ ആവശ്യപ്പെടുമ്പോൾ സർക്കാർ പണമില്ലെന്ന് പറയുന്നു. എന്നാൽ 43 കമ്പനികളുടെയായി 3 .53 ലക്ഷം കോടി രൂപയുടെ കടങ്ങളാണ് സർക്കാർ എഴുതി തള്ളിയിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

രാജ്യത്തുള്ള വഴിയോര കച്ചവടക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ എഴുതിത്തള്ളിയ കടങ്ങൾ ഉപയോഗിക്കാമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘രാജ്യത്തുള്ള വഴിയോര കച്ചവടക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ എഴുതി തള്ളിയ കടങ്ങൾ മാത്രം മതിയായിരുന്നു. അഗ്നിപഥ് പദ്ധതി റദ്ദാക്കാനും ഇന്ത്യൻ ആർമിയിൽ റിക്രൂട്ട്മെന്റിനായി പഴയ പദ്ധതി നടപ്പിലാക്കാനും ആ പണം മതിയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

 

2023 ഡിസംബറിൽ കേന്ദ്ര ധനമന്ത്രാലയം ലോക്സഭയിൽ പങ്ക് വെച്ച കണക്കുകൾ പ്രകാരം 2015-2023 സാമ്പത്തിക വർഷത്തിനിടയിൽ ഒമ്പത് വർഷത്തിനുള്ളിൽ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ 10.56 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയിട്ടുണ്ട്. ഇതിൽ 50 ശതമാനവും വൻകിടവ്യവസായ സ്ഥാപനങ്ങളുടേതാണ്.

പി.ടി.ഐയുടെ കണക്കനുസരിച്ച്, മൊത്തം 14,56,226 കോടി രൂപയിൽ വൻകിട വ്യവസായ സ്ഥാപനങ്ങളുടേതായി എഴുതി തള്ളിയത് 7,40 ,968 രൂപയാണ്.

ഇതിൽ കോർപ്പറേറ്റ് വായ്പകൾ ഉൾപ്പെടെ 2014 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ എഴുതിത്തള്ളിയ വായ്പകളിൽ 2,04,668 കോടി രൂപ ഷെഡ്യൂൾഡ് കൊമേഷ്യൽ ബാങ്കുകൾ തിരിച്ചുപിടിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കിഷൻറാവു കരാദ് ലോക്‌സഭയിൽ രേഖാമൂലം അറിയിച്ചിരുന്നു.

 

Content Highlight: Government has Written off Debts of Rs 3.53 Lakh Crore Owed by 43 Companies: AAP MP Sanjay Singh