തിരുവനന്തുപുരം: ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ആരാധകര്‍ സ്ഥാപിച്ച ബോര്‍ഡുകളും കട്ടൗട്ടുകളും എത്രയും പെട്ടെന്ന് നീക്കണമെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍.
ബോര്‍ഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്നെ് നീക്കണമെന്നും ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും ആരാധകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മന്ത്രി എം.ബി. രാജേഷാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.
‘പ്രിയപ്പെട്ടവരെ, അതിഗംഭീരമായ ഒരു ലോകകപ്പ് നമ്മളെല്ലാം ചേര്‍ന്ന് ആഘോഷിച്ചു. ഖത്തറിലെ ആരവം ഒഴിഞ്ഞിരിക്കുന്നു. കേരളത്തിലെ തെരുവുകളില്‍ ആരാധകസംഘം ഉയര്‍ത്തിയ എല്ലാ പ്രചാരണ ബോര്‍ഡുകളും കട്ടൗട്ടുകളും എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
ലോകകപ്പ് ആവേശത്തില്‍ പങ്കുചേരുകയും അത് അഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ, ഈ സാമൂഹ്യ ഉത്തരവാദിത്തവും നാം ഏറ്റെടുക്കണം. എല്ലാവരും ആവേശത്തോടെ ഇതിനായി മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ എം.ബി. രാജേഷ് പ്രസ്താവനയിലൂടെ പറഞ്ഞു.
നേരത്തെ തന്നെ തോല്‍ക്കുന്ന ടീമുകളുടെ പ്രചാരണ ബോര്‍ഡുള്‍ നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി നിരവധി പ്രചരണ ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് കേരളത്തിന്റെ വിവിധ കോണുകളില്‍ സ്ഥാപിച്ചിരുന്നത്.
അര്‍ജന്റീന, ബ്രസീല്‍ ടീമുകളുടെ ബോര്‍ഡുകളാണ് കൂടുതല്‍ ഉണ്ടായിരുന്നത്. ഇതുകൂടാതെയുള്ള ടീമുകളുടെ പ്രചാരണ ബോര്‍ഡുകളും കേരളത്തിന്റെ കവലകളില്‍ ഇടംപിടിച്ചിരുന്നു.
മെസി, നെയ്മര്‍, റൊണാള്‍ഡോ തുടങ്ങിയവരുടെ കൂറ്റന്‍ കട്ടൗട്ടുകളും ഇത്തരത്തില്‍ ആരാധകര്‍ സ്ഥാപിച്ചിരുന്നു.
ഇതില്‍ കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസി- നെയ്മര്‍- റൊണാള്‍ഡോ കട്ടൗട്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ തന്നെ വാര്‍ത്തയായിരുന്നു.
ഇതിന്റെ ചിത്രം പങ്കുവെച്ച് ഫിഫയും കേരളത്തിലെ ഫുട്‌ബോള്‍ ആരാധനയെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തിരുന്നു.
Content Highlight: Government has suggested that the boards and cutouts erected by the fans should be removed as soon as possible As part of the World Cup campaign