Kerala News
സിനിമകളിലെ വയലന്‍സ്, മയക്കുമരുന്ന് ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് പരിമിതികളുണ്ട്: സജി ചെറിയാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 19, 09:13 am
Wednesday, 19th March 2025, 2:43 pm

തിരുവനന്തപുരം: സിനിമയിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ലഹരി ഉപയോഗവും അക്രമവാസനയും പ്രോത്സാഹിപ്പിക്കുന്ന സിനിമകളുടെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന ആവശ്യത്തില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയം സെന്‍സര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി ഇത്തരം കണ്ടന്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തോടും സെന്‍സര്‍ ബോര്‍ഡിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.

‘സിനിമയുടെ ഉള്ളടക്കത്തില്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് ആണ് ഇടപെടേണ്ടത്. സെന്‍സര്‍ ബോര്‍ഡിന്റെയും വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരും,’ സജി ചെറിയാന്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിമിതികള്‍ ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന് കൂടുതലായി ഇടപെടാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സിനിമാ രംഗത്തെ പ്രമുഖര്‍ യോഗം ചേര്‍ന്നിരുന്നെന്ന് പറഞ്ഞ മന്ത്രി ഇത്തരത്തിലുള്ള സിനിമകളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യം തത്വത്തില്‍ അവര്‍ അംഗീകരിച്ചിട്ടുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹൈക്കോടതിയും ഈ വിഷയത്തില്‍ സമാനമായ നിരീക്ഷണം നടത്തിയിരുന്നു. സിനിമയിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച കേരള ഹൈക്കോടതി സിനിമയിലെ വയലന്‍സ് നിയന്ത്രിക്കാന്‍ ഇടപെടുന്നതില്‍ ഭരണകൂടത്തിന് പരിമിതിയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹേമകമ്മറ്റി റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. സംസ്ഥാന വനിതാ കമ്മീഷനാണ്‌ സിനിമയിലെ വയലന്‍സ് സംബന്ധിച്ച വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്‌.

Content Highlight: Government has limitations in controlling violence and drug content in films: Saji Cherian