തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കൊവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ പോര്‍ട്ടല്‍.
നിലവില്‍ ജൂലൈ 22 വരെയുള്ള മരണങ്ങള്‍ ലഭ്യമാണ്. 22ന് ശേഷം പ്രഖ്യാപിച്ച മരണങ്ങള്‍ ഉടന്‍ തന്നെ അപ്ഡേറ്റ് ചെയ്യുന്നതാണെന്നും ആരോഗ്യമന്ത്രി വിണ ജോര്‍ജ് അറിയിച്ചു.
പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തിരയുന്നതിനുള്ള ഓപ്ഷന്‍ പോര്‍ട്ടലിലുണ്ട്. സര്‍ക്കാര്‍ ഔദ്യോഗികമായി കൊവിഡ് മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തവ എല്ലാം ഈ പോര്‍ട്ടലിലൂടെ കണ്ടെത്താനാകും.
പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. ഇതുകൂടാതെ പ്രഖ്യാപിക്കപ്പെട്ട കൊവിഡ് മരണങ്ങളുടെ, ഡി.എം.ഒ. നല്‍കുന്ന ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നതാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്.
കഴിഞ്ഞദിവസങ്ങളിലുണ്ടായ 117 മരണങ്ങള്‍ കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 17,328 ആയി.