| Sunday, 19th August 2018, 2:21 pm

വിദേശത്തുനിന്നും പണമല്ലാത്ത സഹായങ്ങള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്: മറ്റുസംഘടനകള്‍ വഴിയെത്തിക്കാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന പണമല്ലാത്ത സംഭാവനകള്‍ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചതായി സര്‍ക്കാര്‍. ഇത്തരം സംഭാവനകള്‍ മറ്റു സംഘടനകള്‍ വഴി എത്തിക്കാനാണ് നിര്‍ദേശം.

“രാജ്യത്തിനു പുറത്തുനിന്നും പണമല്ലാത്ത സംഭാവനകള്‍ സ്വീകരിക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ സര്‍ക്കാറിന് അത് സ്വീകരിക്കാനാവില്ല. അത്തരം സംഭാവനകള്‍ വിവിധ സംഘടനകള്‍ വഴി എത്തിക്കാം.” എന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. യു.എ.ഇ അടക്കമുള്ള വിദേശരാജ്യങ്ങള്‍ ഇത്തരത്തില്‍ സംഭാവനകള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തുവന്നിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ മറ്റുതരത്തിലുള്ള സഹായങ്ങളും പ്രവഹിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

Also Read:“ഓരോ ദല്‍ഹി സ്വദേശിയും കേരളത്തിലെ ജനങ്ങള്‍ക്ക് ഒപ്പം”; പത്രപരസ്യത്തിലൂടെ കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് ആം ആദ്മി സര്‍ക്കാര്‍

അതിനിടെ, ദുരിതബാധിത മേഖലയില്‍ ഇപ്പോഴും കുറേപ്പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നു വൈകുന്നേരത്തോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പൊതുജനങ്ങള്‍ രക്ഷാപ്രവര്‍ത്തകരുമായി പരമാവധി സഹകരിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ പരമാവാധി അനുസരിക്കുകയും വേണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 900 എയര്‍ ലിഫ്റ്റ് നടത്തിയിട്ടുണ്ട്. നാല് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു. 169 എന്‍.ഡി.ആര്‍.എഫ് ഗ്രൂപ്പും അഞ്ച് കോളം ബി.എസ്.എഫും 23 ആര്‍മി ഗ്രൂപ്പും എന്‍ജിനീയറിങ് വിഭാഗവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ട്.

22 ഹെലികോപ്റ്ററുകളും 84 നേവി ബോട്ടുകളും 35 കോസ്റ്റ് ഗാര്‍ഡ് ബോട്ടുകളും സഹായത്തിനെത്തിയിട്ടുണ്ട്.

കേരള ഫയര്‍ ഫോഴ്സിന്റെ 59 ബോട്ടും തമിഴ്നാട് ഫയര്‍ഫോഴ്സിന്റെ 16 ബോട്ടുകളും സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. കൂടാതെ ഒഡീഷയില്‍നിന്ന് 75 റബ്ബര്‍ ബോട്ടുകള്‍ മനുഷ്യശേഷി ഉള്‍പ്പെടെ എത്തും.

Also Read:കലിമഴയില്‍ വിറച്ച് വയനാട്; കരുത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ വയനാട്ടുകാര്‍

3,200 ഫയര്‍ഫോഴ്സ് സേനാംഗങ്ങളും 40,000 പോലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സന്നദ്ധസംഘടനകളും 500 ലധികം ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കുന്നു.

We use cookies to give you the best possible experience. Learn more