| Friday, 17th June 2022, 4:02 pm

ബി.ജെ.പി നേതാവിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത് സര്‍ക്കാര്‍ റദ്ദുചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: ഇടുക്കിയില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ബി.ജെ.പി നേതാവിനെ നിയമിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദുചെയ്തു. നിയമ വകുപ്പാണ് പുതിയ ഉത്തരവിറക്കിയത്.

ഇടത് അഭിഭാഷക സംഘടന ബി.ജെ.പി ജില്ലാ നേതാവ് വിനോജ് കുമാറിനെ എ.പി.പിയായി നിയമിച്ചതിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

ദേവികുളം സബ് കോടതിയില്‍ അഡീഷണല്‍ പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവികളിലാണ് വിനോജ് കുമാറിന് നിയമനം നല്‍കിയിരുന്നത്. മൂന്നാര്‍ എം.എല്‍.എ എ. രാജ ഇരുന്ന തസ്തികയായിരുന്നു ഇത്. ബി.ജെ.പി നേതാവിനെ നിയമിച്ചത് സി.പി.ഐ.എം- ബി.ജെ.പി രഹസ്യധാരണയുടെ ഭാഗമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ഈ മാസം ഒമ്പതിനാണ് വിജയ് കുമാറിനെ നിയമിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ജൂണ്‍ 15ന് വിനോജ് ചുമതലയേറ്റു. ബി.ജെ.പി ജില്ലാ സെക്രട്ടറി ഒ.ബി.സി മോര്‍ച്ചാ ഭാരവാഹി എന്നീ ചുമതലകള്‍ വഹിച്ചിരുന്നയാളാണ് വിനോജ് കുമാര്‍. നിയമനത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് പി.കെ. വിനോജ് കുമാര്‍ പ്രതികരിച്ചിരുന്നു.

ബി.ജെ.പിയുടെ മുന്‍ ജില്ലാ കമ്മിറ്റിയംഗവും സജീവ പ്രവര്‍ത്തകനുമാണ് വിനോജ്. സമൂഹ മാധ്യമങ്ങളിലൂടെ ഇടതു സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കുന്ന വിനോജിന് നിയമനം നല്‍കിയതിനെതിരെ സി.പി.ഐ.എം പ്രാദേശിക നേതാക്കളടക്കം ജില്ലാ കമ്മിറ്റിയെ സമീപിച്ചിരുന്നു.

CONTENT HIGHLIGHTS: government has canceled the appointment of the BJP leader as public prosecutor 
We use cookies to give you the best possible experience. Learn more