തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്കു വിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ ആരോപണവിധേയരായ കേസാണിത്.
പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം ലിമിറ്റഡില്‍ മാലിന്യ സംസ്‌കരണത്തിന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഫിന്‍ലന്‍ഡിലെ കമ്പനിക്കു കരാര്‍ നല്‍കിയതില്‍ 256 കോടി രൂപയുടെ അഴിമതിയുണ്ടായി എന്നാണ് കേസ്.
2004-2006 കാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിംകുഞ്ഞ് വ്യവസായ മന്ത്രിയുമായിരുന്ന കാലത്തെയാണ് അഴിമതിയാരോപണം.
13 വര്‍ഷമായി വിജിലന്‍സാണ് ഈ കേസ് അന്വേഷിക്കുന്നത്. കേസ് ഇഴയുന്നതില്‍ ഹൈക്കോടതി വിജിലന്‍സിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുശേഷം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
വിദേശ കമ്പനികള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ഇന്റര്‍പോളിന്റെ സഹായം ആവശ്യമാണെന്നും അതിനാല്‍ സി.ബി.ഐയെ എല്‍പ്പിക്കണമെന്നും സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും സര്‍ക്കാര്‍ തീരുമാനം നടക്കട്ടെയെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. പകപോക്കലായി ഇതിനെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐ അന്വേഷണം വേട്ടയാടല്‍ അല്ലെന്നും വിജിലന്‍സ് അന്വേഷണത്തിനു പരിമിതികളുണ്ടെന്നുമാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതിനോടു പ്രതികരിച്ചത്.