കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന് പോയ പുഷ്പന് സഹായഹസ്തവുമായ് കേരള സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം നവംബറിലെ മന്ത്രിസഭാ തീരുമാനപ്രകാരമുള്ള ചലനോപകരണവും പ്രത്യേകം തയ്യാറാക്കിയ ഐ.സി.യു ബെഡ്ഡും പുഷ്പന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. ഭിന്നശേഷി സൗഹൃദദിനത്തിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷനും കണ്ണൂര്‍ ജില്ല ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി നടത്തുന്ന ചലനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുക്കുടി പുഷ്പന്റെ വീട്ടില്‍ വെച്ച് നിര്‍വ്വഹിച്ചു.
സ്വയം നിയന്ത്രിതമായ ചലനോപകരണമാണ് പുഷ്പന് നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ശാരീരികാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ ഉപകരണം നിര്‍മ്മിക്കാനായി ഈ മേഖലയിലെ വിദഗ്ധരെയാണ് നിയോഗിച്ചത്. തൈ-മോഷന്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ സഹായത്തോടെയാണ് ഉപകരണം തയ്യാറാക്കിയിരിക്കുന്നത്.
സെന്‍സറിന്റെ സഹായത്തോടെയാണ് ചലനോപകരണം സ്വയം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഇത് നിയന്ത്രിക്കാനായി സ്മാര്‍ട്ട് ഫോണോ ടാബ്‌ലറ്റോ ആവശ്യമില്ല.
വേറേയും പ്രത്യേകതകള്‍ ഉപകരണത്തിന് ഉണ്ട്. ഡിജിറ്റല്‍ പുസ്തകവായന, കമ്പ്യൂട്ടര്‍ ഗെയിം എന്നിവ ഇതില്‍ സാധ്യമാണ്. പ്രത്യേകം തയ്യാറാക്കിയ കട്ടിലില്‍ കിടന്നുകൊണ്ട് ലാപ്‌ടോപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ പുഷ്പന് കഴിയുന്നുണ്ട്.
തുടര്‍ പരിശീലനത്തിനായി ഒരു എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്, രണ്ട് ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനവും പുഷ്പന് വേണ്ടി ലഭ്യമാക്കിയിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാകുന്നതോടെ പൊതുവേദികളില്‍ പങ്കെടുക്കാനും സ്വതന്ത്രസഞ്ചാരം നടത്താനും പുഷ്പന് സാധിക്കും. മന്ത്രി കെ.കെ ശൈലജ ടീച്ചറാണ് ഇക്കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
നമ്മുടെ പുഷ്പന്‍ ഇനി പുറം കാഴ്ചകളുടെ വിശാലമായ ലോകത്തേക്ക്
കൂത്തുപറമ്പിലെ വെടിവെയ്പ്പില്‍ വെടിയേറ്റ് അരക്ക് താഴെ തളര്‍ന്നു പോയിട്ടും നാല് ചുവരുകളില്‍ ഒതുങ്ങിപ്പോവാതെ വിപ്ലവസൂര്യനായ പുഷ്പന്
ഭിന്നശേഷി സൗഹൃദത്തിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷനും കണ്ണൂര്‍ ജില്ലാ ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി നടത്തുന്ന ചലനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിപിണറായി വിജയന്‍ പുതുക്കുടി പുഷ്പന്റെ ഭവനത്തില്‍ വച്ച് നിര്‍വ്വഹിച്ചു. യന്ത്രവത്കൃതവും-സ്വയം നിയന്ത്രിതവുമായചലനോപകരണവും പ്രത്യേകം സജ്ജ്മാക്കിയ ഐ.സി.യു ബെഡും മുഖ്യമന്ത്രി പുതുക്കുടി പുഷ്പന് നല്കി. 2016 നവംബറിലെ കാബിനറ്റ് യോഗത്തിലാണ് പുഷ്പന് ചലനോപകരണം നല്കാന്‍ തീരുമാനമായത്.
ഇതിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ ഒരു വിദഗ്ധ കമ്മിറ്റി ഉണ്ടാക്കുകയും പുഷ്പന്റെ ശാരീരികാവസ്ഥയ്ക്കനുയോജ്യമായരീതിയില്‍ ഉപകരണം നിര്‍മ്മിക്കാന്‍ വേണ്ടി ഉപകരണ നിര്‍മ്മാണ മേഖലയിലെ വിദഗ്ധരെ നിയോഗിക്കുകയും ചെയ്തു. തൈ-മോഷന്‍ എന്ന യു.എസ് കമ്പനിയുടെ സഹായത്തോടെ യന്ത്രവത്കൃതവും – സ്വയം നിയന്ത്രിതവുമായ ഈ ഉപകരണം തയ്യാറാക്കിയത്. പൊട്ടുപോലുള്ള സെന്‍സര്‍ ഘടിപ്പിച്ചതിനാല്‍ ലാപ്ടോപ്പ്, മൊബൈല്‍, ടാബ് എന്നിവ കൈകളുടെ സഹായമില്ലാതെ തന്നെ ഉപയോഗിക്കാനാവും എന്നതാണ് ഈ ചലനോപകരണത്തിന്റെ പ്രധാന പ്രത്യേകത. കൂടാതെ ഡിജിറ്റല്‍ പുസ്തകവായന, കമ്പ്യൂട്ടര്‍ ഗെയിം എന്നിവയും സാധ്യമാണ്. പ്രതേകം തയ്യാറാക്കിയ കട്ടിലില്‍ കിടന്നു കൊണ്ടുതന്നെ ലാപ്ടോപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ പുഷ്പന് കഴിയുന്നുണ്ട്. തുടര്‍ പരിശീലനത്തിനായി ഒരു എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ്, രണ്ട് ഫിസിയോതെറാപിസ്റ്റ് സേവനം എന്നിവരുടെ സേവനം ലാഭ്യമാക്കിയിട്ടുണ്ട് പരിശീലനം പൂര്‍ത്തിയാകുന്നമുറയ്ക്ക് സ്വതന്ത്രസഞ്ചാരം, പൊതുവേദികളിലെ പങ്കാളിത്തം തുടങ്ങിയവ സാധ്യമാകും.