ഭോപ്പാല്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍.എസ്.എസില്‍ ചേരുന്നത് വിലക്കിയത് തെറ്റാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത് മനസിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ച് പതിറ്റാണ്ട് സമയം എടുത്തെന്നാണ് കോടതിയുടെ നിരീക്ഷണം.
ആര്‍.എസ്.എസ് അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തിയുള്ള ഒരു സംഘടനയാണെന്നും നിരോധിത സംഘടനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത് തെറ്റായ തീരുമാനമാണെന്നുമാണ് ജസ്റ്റിസ് ശുശ്രുത അരവിന്ദ് ധര്‍ മാധികാരി, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞത്.
സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കുന്നത് തടയുന്ന കേന്ദ്ര സിവില്‍ സര്‍വിസ് ചട്ടം ചോദ്യം ചെയ്ത് മുന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്‍ പുരുഷേത്തം ഗുപ്ത സമര്‍പ്പിച്ച റിട്ട് ഹരജി പരിഗണിക്കുകയായിരുന്നു കോടതി. 2023ല്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി പറഞ്ഞത്.
‘കേന്ദ്ര ഗവണ്‍മെന്റിന്റെ തെറ്റ് തിരിച്ചറിയാന്‍ ഏകദേശം അഞ്ച് പതിറ്റാണ്ടുകള്‍ എടുത്തു. ആര്‍.എസ്.എസ് പോലുള്ള അന്താരാഷ്ട്ര പ്രശസ്തമായ ഒരു സംഘടനയെ നിരോധിത സംഘടനകളുടെ കൂട്ടത്തില്‍ നിന്നും എടുത്തുമാറ്റേണ്ടത് പരമപ്രധാനമാണ്,’ കോടതി പറഞ്ഞു.
ഗാന്ധിജിയുടെ കൊലപാതകത്തെത്തുടര്‍ന്ന് 1948 ഫെബ്രുവരിയില്‍ ആര്‍.എസ്.എസിനെ നിരോധിച്ചിരുന്നു. തുടര്‍ന്ന് നല്ല പെരുമാറ്റത്തിന്റെ ഉറപ്പിന്മേലാണ് നിരോധനം പിന്‍വലിച്ചത്. എന്നാല്‍ 1966ല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് വീണ്ടും നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ പുതിയ ഉത്തരവിലൂടെ 58 വര്‍ഷമായി നിലനിന്നിരുന്ന നിരോധനമാണ് മധ്യപ്രദേശ് ഹൈക്കോടതി നീക്കിയത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കാനുള്ള വിലക്ക് നീക്കിയ ജൂലൈ ഒമ്പതിലെ ഉത്തരവ് ഔദ്യോഗിക വെബ്‌സൈറ്റിലെ ഹോം പേജില്‍ പ്രദര്‍ശിപ്പിക്കാനും കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോടും ആഭ്യന്തര മന്ത്രാലയത്തോടും കോടതി നിര്‍ദേശിച്ചിരുന്നു.
Content Highlight: Government employees were banned from participating in RSS activities