| Friday, 15th December 2017, 5:00 pm

മുഖ്യമന്ത്രിക്കെതിരായ ട്രോള്‍ പങ്കുവെച്ച സര്‍ക്കാര്‍ ജീവനക്കാരനു സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സര്‍ക്കാര്‍ ജീവനക്കാരനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കാസര്‍കോട് എളേരി ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് പി. ജയരാജനെയാണ് മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തത്. കാലില്‍ ഷൂസും കയ്യുറയും ധരിച്ചു വയലില്‍ ഞാറു നട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ട്രോള്‍ പങ്കുവെച്ച് ഒരു വര്‍ഷം കഴിയുമ്പോഴാണ് ജീവനക്കാരനെതിരായ നടപടി.

2016 ല്‍ കാസര്‍കോട് കലക്ടറേറ്റില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് വിഭാഗത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റര്‍ ആയിരിക്കെ, മറ്റാരോ പോസ്റ്റ് ചെയ്ത ട്രോളുകളാണ് ജയരാജന്‍ പങ്കുവെച്ചിരുന്നത്. ഇതിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസുപോലും നല്‍കാതെയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നോട്ടു നിരോധന സമയത്ത് മന്ത്രി തോമസ് ഐസക്കിനെ പരിഹസിക്കുന്ന ട്രോളും ഇദ്ദേഹം പങ്കുവച്ചതായി ഉത്തരവിലുണ്ട്. കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ വെള്ളിയാഴ്ചയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് ജയരാജനു നല്‍കിയത്. മുഖ്യമന്ത്രിയെയും ധനകാര്യ മന്ത്രിയെയും നവമാധ്യമങ്ങളിലൂടെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ഉത്തരവില്‍ പറയുന്നത്.

രാഷ്ട്രീയ വൈരാഗ്യമാണ് നടപടിക്കു പിന്നിലെന്നു ജയരാജന്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള പഞ്ചായത്ത് ഓര്‍ഗനൈസേഷന്‍ കാസര്‍കോട് മുന്‍ പ്രസിഡന്റാണ് ഇദ്ദേഹം.

We use cookies to give you the best possible experience. Learn more