[] തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു. ചീഫ് സെക്രട്ടറി ഭരത്ഭൂഷനും ഐ.എ.സ് ഉദ്യോഗസ്ഥരും തമ്മിലുളള പ്രശ്‌നത്തില്‍ മുഖ്യമന്ത്രി നേരിട്ടിടപെടണമെന്ന നിലപാടാണ് ഐ.എ.സ് അസോസിയേഷന്റേത്.
മന്ത്രിമാരടക്കമുള്ളവര്‍ ഇരു ചേരികളിലുമായി ചേര്‍ന്നതോടെ ഉദ്യാഗസ്ഥതലത്തില്‍ ആശയക്കുഴപ്പം രൂക്ഷമാണ്. ചീഫ് സെക്രട്ടറിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഐ.എ.എസ് ഉദ്യാഗസ്ഥരും ചേരിതിരിഞ്ഞതോടെ പ്രധാനപ്പെട്ട ഫയലുകളിലൊന്നും തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുന്ന സാഹചര്യമാണിപ്പോള്‍.
ചീഫ് സെക്രട്ടറി ഭരത് ഭൂഷന്‍ വ്യക്തി വിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഒരു വിഭാഗം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ആരോപണം. രാജു നാരായണസ്വാമി ഭരത് ഭൂഷനെതിരേ ഐ.എ.എസ് അസോസിയേഷന് പരാതി നല്‍കിയതോടെ പ്രശ്‌നം രൂക്ഷമായി.
ഐ.എ.എസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടില്‍ ഭരത് ഭൂഷന്‍ തങ്ങള്‍ക്കെതിരായ കാര്യങ്ങള്‍ എഴുതിച്ചേര്‍ക്കുന്നു എന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടിരുന്നു.അതിനിടെയാണ് ഭരത് ഭൂഷന്‍ സ്വത്ത് വിവരം മറച്ചുവച്ചു എന്നതുള്‍പ്പടെയുളള വിവരങ്ങള്‍ രേഖകള്‍ സഹിതം പുറത്തുവന്നത്.
രാജു നാരായണ സ്വാമി,ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസ് എന്നിവര്‍ക്കെതിരെ ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്ത വിജിലന്‍സ് അന്വേഷണം ആഭ്യന്തരവകുപ്പ് തടഞ്ഞു. ചീഫ് സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഉന്നയിച്ചിട്ടുണ്ട്.