ന്യൂദല്‍ഹി: ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം കുറഞ്ഞുവരികയാണെന്ന ആഗോള റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. റിപ്പോര്‍ട്ടിന്റെ പ്രസാധകര്‍ സ്വീകരിച്ച രീതി സംശയാസ്പദവും സുതാര്യമല്ലാത്തതുമാണെന്നാണ് അനുരാഗ് ഠാക്കൂര്‍ പറഞ്ഞത്.
ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനത്തിന് മോശം സാഹചര്യമാണെന്ന് ആഗോള മാധ്യമ സ്വാതന്ത്ര്യ നിരീക്ഷണസംഘടന റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ( (Reporters Without Borders))വ്യക്തമാക്കിയത്. പാരീസ് ആസ്ഥാനമായ സംഘടന ലോകത്തിലെ 180 രാജ്യങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തിയതില്‍ ഇന്ത്യ, 142ാം സ്ഥാനത്താണ്. ഈ റിപ്പോര്‍ട്ടാണ് കേന്ദ്രം അംഗീകരിക്കാന്‍ തയ്യാറാവാത്തത്.
റിപ്പോര്‍ട്ടില്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നും പത്രസ്വാതന്ത്ര്യത്തിന്റെ വ്യക്തമായ നിര്‍വചനം നല്‍കുന്നില്ലെന്നും ഠാക്കൂര്‍ ആരോപിച്ചു.
”വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് ഒരു വിദേശ സര്‍ക്കാരിതര-ഓര്‍ഗനൈസേഷനായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. ഗവണ്‍മെന്റ് അതിന്റെ വീക്ഷണങ്ങളും രാജ്യ റാങ്കിംഗും സമ്മതിച്ചുകൊടുക്കില്ല. ഈ സംഘടനയുടെ നിഗമനങ്ങളെയും അംഗീകരിക്കുന്നില്ല,” അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്കുമേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിടിമുറുക്കുകയാണെന്നാണ് ഇന്ത്യയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജോലി നിര്‍വഹിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യയെന്നും 2019ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന തീവ്ര വലതുപക്ഷ ഹിന്ദു ആശയസംഹിതകള്‍ക്ക് വഴങ്ങാന്‍ മാധ്യമങ്ങള്‍ സമ്മര്‍ദ്ദത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.