| Friday, 22nd January 2016, 9:11 pm

ആദിവാസി സമരങ്ങള്‍ ഫലം കാണുന്നു; മുന്നൂറോളം ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമിവിതരണം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുല്‍ത്താന്‍ ബത്തേരി: ആദിവാസികളുടെ ദീര്‍ഘനാളത്തെ സമരയാതനകള്‍ക്ക് അവസാനമാകുന്നു. മുന്നൂറോളം ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി വിതരണം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ബത്തേരിയിലെ നൂല്‍പുഴയില്‍ നടന്ന ഒരു ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആദിവാസികള്‍ക്ക് പട്ടയങ്ങള്‍ കൈമാറി. പന്ത്രണ്ട് കുടുംബങ്ങള്‍ക്കാണ് മുഖ്യമന്ത്രി പട്ടയം കൈമാറിയത്. മറ്റുള്ളവര്‍ക്ക് അതാത് താലൂക്കുകള്‍ വഴി പട്ടയം നല്‍കും.

800 ഓളം പേരുടെ അപേക്ഷകളാണ് നല്‍കിയിരുന്നത്. ഇതില്‍  മുന്നൂറ് പേരുടെ ആദ്യ ഘട്ടപട്ടിക തയ്യാറാക്കുകയും ഇതില്‍ 285ഓളം പേര്‍ക്കാണ് ഇന്ന് ഭൂമി തിരിച്ച് പട്ടയം നല്‍കിയിരിക്കൂന്നത് 1 ഏക്കര്‍ ഭൂമി ഒരോരുത്തര്‍ക്കും നല്‍കിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, വൈത്തിരി എന്നിവിടങ്ങളിലാണ് ഭൂമി വീതിച്ച് നല്‍കിയിട്ടുള്ളത്. ഇതില്‍  കൃഷിയോഗ്യമോ വാസയോഗ്യമോ അല്ലാത്ത ഭൂമിയുണ്ടെങ്കില്‍ അവ മാറ്റി നല്‍കാമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്

ഇതിലൂടെ പതിമൂന്ന് വര്‍ഷം നീണ്ട ആദിവാസികളുടെ പോരാട്ടത്തിന്റേയും നില്‍പ്പ് സമരത്തിന്റേയും ഫലം കാണുകയാണെന്ന് ആദിവാസി ദളിത് പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യവും ആദിവാസി ഗോത്ര മഹാസഭാ നേതാവുമായ എം. ഗീതാനന്ദന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. മൂന്നൂറോളം പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഭൂമി ലഭിക്കുക. നൂറോളം പേര്‍ക്ക് അടുത്ത ഫെബ്രുവരിയില്‍ ഭൂമി കൈമാറും. ബാക്കിയുള്ളവര്‍ക്ക് ക്രമബദ്ധമായി ഭൂമി കൈമാറും.

ആഘോഷപൂര്‍വ്വമാണ് ആദിവാസികള്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വീകരിച്ചത്. ചടങ്ങിന് ശേഷം പട്ടയം ലഭിച്ച ആദിവാസിക്കളും പ്രദേശവാസികളും മുത്തങ്ങ ഭൂസമര രക്തസാക്ഷി ജോഗിയുടെ രക്തസാക്ഷിമണ്ഡപത്തിന് മുന്നിലേക്ക് ഘോഷയാത്ര നടത്തുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. തുടര്‍ന്ന് സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

We use cookies to give you the best possible experience. Learn more