മന്ത്രിമാര്‍ക്കില്ലാത്ത സൗകര്യം ചെയര്‍മാന് നല്‍കാനാവില്ല; ഭാര്യയുടെ ചെലവ് കൂടെ വഹിക്കണമെന്ന പി.എസ്.സി ചെയര്‍മാന്റെ ആവശ്യം തള്ളി സര്‍ക്കാര്‍
തിരുവനന്തപുരം: ഭാര്യയുടെ ചിലവ് കൂടെ സര്‍ക്കാര്‍ പരിഗണിക്കണമെന്ന പി.എസ്.സി ചെയര്‍മാന്റ ആവശ്യം പൊതുഭരണ വകുപ്പ് തള്ളി. മന്ത്രിമാര്‍ക്കില്ലാത്ത സൗകര്യം പി.എസ്.സി ചെയര്‍മാന് അനുവദിക്കാന്‍ കഴിയില്ലെന്നും പൊതുഭരണ വകുപ്പ് വ്യക്തമാക്കി.
ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറാനും പെതുഭരണ വകുപ്പ് തീരുമാനിച്ചു. ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന് പി.എസ്.സി ചെയര്‍മാന്‍ എംകെ സക്കീര്‍ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആവശ്യവുമായി രംഗത്ത് വന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരമൊരു കീഴ്വഴക്കം നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുതിയ ആവശ്യമുയര്‍ന്നത്.
നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും, ഐ.എ.എസ് ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡി.എയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്.
ഇതിന് പിന്നാലെ ചെയര്‍മാന്‍ ചട്ടം ലംഘിച്ച് തിരുവനന്തപുരത്തും തൃശ്ശൂരും രണ്ട് ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പരാതിയുയര്‍ന്നിരുന്നു.എന്നാല്‍ രണ്ടു കാറുകള്‍ ഉപയോഗിച്ചാലും കഴിഞ്ഞ തവണത്തെ ചെയര്‍മാന്റെ ഒരു മാസത്തെ ഇക്കാര്യത്തിലുള്ള ചെലവുമായി താരതമ്യപെടുത്തുമ്പോള്‍ കുറവാണെന്നാണ് പി.എസ്.സി ചെയര്‍മാന്റെ ഓഫീസില്‍ നിന്നുള്ള മറുപടി.