ശ്രീനഗര്‍: ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തനിക്ക് പാസ്പോര്‍ട്ട് നല്‍കാന്‍ പാസ്പോര്‍ട്ട് ഓഫീസ് വിസമ്മതിച്ചതായി മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
‘ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സി.ഐ.ഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് )യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്റെ പാസ്പോര്‍ട്ട് നല്‍കാന്‍ പാസ്പോര്‍ട്ട് ഓഫീസ് വിസമ്മതിച്ചിരിക്കുകയാണ്. 2019 ഓഗസ്റ്റ് മുതല്‍ കശ്മീര്‍ കൈവരിച്ച സാധാരണ നിലയാണിത്. മുന്‍ മുഖ്യമന്ത്രി പാസ്പോര്‍ട്ട് കൈവശം വച്ചിരിക്കുന്നത് ശക്തമായ ഒരു രാഷ്ട്രത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണത്രേ,’ മെഹബൂബ ട്വിറ്ററില്‍ എഴുതി.
നേരത്തെ മെഹബൂബ മുഫ്തിക്ക് പാസ്‌പോര്‍ട്ട് നല്‍കുന്നതിനെ പൊലീസ് എതിര്‍ത്തിരുന്നു. ഹൈക്കോടതിയില്‍ മെഹബൂബ നല്‍കിയ പരാതി പരിഗണിച്ചപ്പോഴാണ് ഇക്കാര്യം പൊലീസ് വ്യക്തമാക്കിയത്. പാസ്‌പോര്‍ട്ട് നല്‍കുന്ന കാര്യം അന്വേഷിച്ച സി.ഐ.ഡി വിഭാഗം ആണ് പ്രതികൂല റിപ്പോര്‍ട്ട് നല്‍കിയതെന്നായിരുന്നു പൊലീസ് പറഞ്ഞത്.
കഴിഞ്ഞ മേയില്‍ മെഹബൂബയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നു. തുടര്‍ന്നാണ് പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയത്. ഇത് വൈകിയതിനെ തുടര്‍ന്നാണ് മെഹബൂബ കോടതിയിലെത്തിയത്.
കഴിഞ്ഞ ദിവസവും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മെഹബൂബ മുഫ്തി രംഗത്തെത്തിയിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണെന്ന് മെഹബൂബ ആരോപിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച അഞ്ചുമണിക്കൂറിലേറെ നേരം മെഹബൂബ മുഫ്തിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയയിരുന്നു ഇവരുടെ പ്രതികരണം.
പ്രതിപക്ഷത്തിന്റെ വായടപ്പിക്കാന്‍ എന്‍.ഐ.എ, സി.ബി.ഐ, ഇ.ഡി എന്നിവയെ എല്ലാം കേന്ദ്രം വിദഗ്ധമായി ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു.
സര്‍ക്കാറിനെ എതിര്‍ക്കുന്നവരെ കള്ളപ്പണം വെളുപ്പിക്കല്‍, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വേട്ടയാടുകയാണ്. ഭരണഘടന അനുസരിച്ചല്ല, ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ അജണ്ട അനുസരിച്ചാണ് ഈ രാജ്യം പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ വിമര്‍ശിച്ചിരുന്നു.
അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹ്‌റ മേഖലയിലെ തന്റെ പാരമ്പര്യ സ്വത്തിന്റെ വില്‍പനയെക്കുറിച്ചും മുഖ്യമന്ത്രിമാരുടെ വിവേചനാധികാരമുള്ള ഫണ്ടിന്റെ ഉപയോഗത്തെക്കുറിച്ചുമാണ് തന്നോട് ഇ.ഡി ചോദിച്ചതെന്നും താനൊന്നിനെയും ഭയക്കുന്നില്ലെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും അവര്‍ പ്രതികരിച്ചിരുന്നു.
2019 ഓഗസ്റ്റ് മുതല്‍ ജമ്മു കശ്മീരിലുടനീളമുള്ള നൂറുകണക്കിന് രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം മെഹ്ബൂബ മുഫ്തിയെയും മാസങ്ങളോളം തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് മുഫ്തിയെ തടങ്കലില്‍ നിന്നും മോചിതയാക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Government Denied Passport Over “National Security”: Mehbooba Mufti