കൊച്ചി: സ്വകാര്യ ലാബുകളിലെ ആര്‍.ടി.പി.സി.ആര്‍. നിരക്കുകള്‍ സര്‍ക്കാര്‍ കുറച്ചതിനെതിരെ സ്വകാര്യലാബുടമകള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും മറ്റു പല സംസ്ഥാനങ്ങളിലും നിരക്ക് സമാനമാണെന്നും അപ്പീല്‍ ഹരജി തള്ളിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേസില്‍ വാദം പൂര്‍ത്തിയായത്. ഐ.സി.എം.ആറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് നിരക്ക് സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.
നേരത്തെ ലാബുടമകള്‍ നല്‍കിയ ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും തള്ളിയിരുന്നു. ഇതിനെതിരെയാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയത്.
കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ എയര്‍പോര്‍ട്ടില്‍ കുറഞ്ഞ നിരക്കില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ഇത് മുതലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ നിരക്ക് കുറച്ചതെന്നുമായിരുന്നു ലാബുടമകളുടെ വാദം.