| Sunday, 26th August 2012, 1:43 pm

എമര്‍ജിങ് കേരള: നെല്ലിയാമ്പതി വനഭൂമി സ്വകാര്യ ടൂറിസം ലോബിക്ക് വില്‍ക്കാന്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എമര്‍ജിങ് കേരളയുടെ ഭാഗമായി നെല്ലിയാമ്പതിയിലെ വനഭൂമി സ്വകാര്യ ടൂറിസം ലോബിക്ക് കൈമാറാന്‍ പദ്ധതി. നെല്ലിയാമ്പതിയില്‍ കൃഷിവകുപ്പിന് കീഴില്‍ ഓറഞ്ച് ഫാം നടത്തിയിരുന്ന വനഭൂമിയാണ് ഇപ്പോള്‍ നിയമവിരുദ്ധമായി ടൂറിസം വകുപ്പ് വഴി സ്വകാര്യ ടൂറിസം കമ്പനികള്‍ക്ക് കൈമാറാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

25 കോടി രൂപ മുതല്‍ മുടക്കില്‍ 25 ഏക്കര്‍ വനഭൂമിയില്‍ ഫോറസ്റ്റ് ലോഡ്ജും ബൊട്ടാണിക്കല്‍ ഗാര്‍ഡനുമാണ് ഒരു പദ്ധതി. ടൂറിസം വകുപ്പിന്റെ കയ്യിലുള്ള സ്ഥലത്താണ് പദ്ധതി തുടങ്ങുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും നിയമപരമായി വനംവകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നത്. 50 കോടി രൂപ മുതല്‍ മുടക്കില്‍ 25 ഏക്കര്‍ സ്ഥലത്ത് ഹെല്‍ത്ത് റിസോട്ടിനും പദ്ധതിയുണ്ട്. []

നെല്ലിയാമ്പതിയില്‍ വനഭൂമി പാട്ടത്തിനെടുത്ത തോട്ടമുടമകള്‍ അനധികൃത ടൂറിസം നടത്തിയതിനാല്‍ പാട്ടക്കരാര്‍ റദ്ദാക്കി ഭൂമി തിരിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് എമര്‍ജിങ് കേരള എന്ന വ്യവസായ സംരംഭകത്വത്തിന്റെ മറവില്‍ വന്‍കിട സ്വകാര്യ ടൂറിസം കമ്പനികള്‍ക്ക് വനഭൂമി വില്‍ക്കാനും നിയമവിരുദ്ധമായി ടൂറിസം തുടങ്ങാനും പദ്ധതി വരുന്നത്. വനഭൂമിയില്‍ ടൂറിസം നടത്താന്‍ കേന്ദ്രാനുമതി വാങ്ങിയിരിക്കണമെന്ന വനസംരക്ഷണ നിയമത്തിന്റെ വകുപ്പ് പോലും അനധികൃത ടൂറിസം നടത്തരുതെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലവിലുണ്ട്. ഇതേത്തുടര്‍ന്ന് നെല്ലിയാമ്പതിയില്‍ ടൂറിസം തുടങ്ങാനുള്ള നീക്കം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉപേക്ഷിക്കേണ്ടി വന്നു.

ടൂറിസം റിസോര്‍ട്സ് കേരള ലിമിറ്റഡ് എന്ന കമ്പനിയാണ് എമര്‍ജിങ് കേരളയില്‍ ടൂറിസം പദ്ധതികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ടൂറിസം വികസനത്തിന്റെ മറവില്‍ കണ്ണായ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഭൂമി കൈക്കലാക്കുകയാണ് സ്വകാര്യ കമ്പനികളുടെ ലക്ഷ്യം. ഭൂമി പണയപ്പെടുത്തി ലോണെടുത്തും മറ്റുമാവും നിര്‍മാണത്തിനുള്ള പണം ഇവര്‍ കണ്ടെത്തുക. പൊതുസമൂഹത്തിന്റെ ചെലവില്‍ വന്‍ സ്വകാര്യ സമ്പത്ത് കൈക്കലാക്കാനാണ് സര്‍ക്കാരും കൂട്ടുനില്‍ക്കുന്നത്.

നെല്ലിയാമ്പതിയില്‍ ടൂറിസത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും സര്‍ക്കാര്‍ നിലപാട് സ്വാഗതം ചെയ്യുന്നെന്നും ചീഫ് വിപ്പ് പി.സി ജോര്‍ജ് പ്രതികരിച്ചു. ഈ പദ്ധതി നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍ എന്നീ എം.എല്‍എമാര്‍ ആവശ്യപ്പെട്ടു. വ്യവസായ വകുപ്പോ മന്ത്രിസഭയോ ഇത്തരം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് വ്യവസായ വകുപ്പ് ഓഫീസ് അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more