തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ച സ്‌കൂളുകള്‍ ഏകദേശം ഒന്നരവര്‍ഷത്തിനുശേഷമാണ് തുറക്കുന്നത്.
നവംബര്‍ 15 മുതല്‍ ഹൈസ്‌കൂള്‍ ഉള്‍പ്പെടെയുള്ള എല്ലാ ക്ലാസ്സുകളും തുടങ്ങും. കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ മാസ്‌ക്കുകള്‍ കരുതാന്‍ നിര്‍ദേശമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കൊവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം മുഖ്യമന്ത്രി കൈക്കൊണ്ടത്.
സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശവും ഏതൊക്കെ ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കേണ്ടത് എന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അറിയിച്ചു.
സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
പ്രൈമറി തലത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനിടയില്ലെന്നാണ് സൂചന. ഒന്‍പതു മുതലുള്ള ക്ലാസുകളില്‍ അധ്യയനം ആരംഭിക്കുന്നതാണ് നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്നാണ് വിവരം.
അതേസമയം, ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടില്ല.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷം മുന്‍പാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുകയായിരുന്നു.
ജനസംഖ്യ അടിസ്ഥാനത്തിനുള്ള പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് കുറയുന്ന പശ്ചാത്തലത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകനം യോഗം ചേര്‍ന്നത്.