വയനാട് പുനരധിവാസത്തിനായി ഏറ്റെടുത്ത എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റിന് 26 കോടി നഷ്ടപരിഹാരം തീരുമാനിച്ച് സര്‍ക്കാര്‍
Kerala News
വയനാട് പുനരധിവാസത്തിനായി ഏറ്റെടുത്ത എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റിന് 26 കോടി നഷ്ടപരിഹാരം തീരുമാനിച്ച് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Wednesday, 19th March 2025, 1:04 pm

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റിന് നഷ്ടപരിഹാരം തീരുമാനിച്ച് സര്‍ക്കാര്‍. 26 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുകയെന്നാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം.

ടൗണ്‍ഷിപ്പിനായി എല്‍സ്‌റ്റോണിലെ 64 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ 26,57,10769 രൂപ നഷ്ടപരിഹാരം നല്‍കിക്കൊണ്ട് ഏറ്റെടുക്കുകയെന്നാണ് തീരുമാനം. ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് വൈത്തിരി താലൂക്ക് കല്‍പ്പറ്റ വില്ലേജില്‍ ബ്ലോക്ക് 19ല്‍ റീസര്‍വെ നമ്പര്‍ 88/ 158, 88/159, 88/62 88/66, 88/137 എന്നിവയില്‍പ്പെട്ട എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും തുക നല്‍കുകയെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.

ബാക്കിയുള്ള കാര്യങ്ങളെല്ലാം കോടതി വിധി അടിസ്ഥാനമാക്കി ചെയ്യുമെന്നും ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട 21 കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഏഴ് കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാള്‍ മാത്രം നഷ്ടപ്പെട്ട 14 കുട്ടികള്‍ക്കും പഠനാവശ്യത്തിനുവേണ്ടി മാത്രം 10 ലക്ഷം രൂപ വീതവുമാണ് അനുവദിക്കുന്നത്.

18 വയസ്സുവരെ തുക പിന്‍വലിക്കാന്‍ കഴിയില്ലെന്ന വ്യവസ്ഥയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്. ഈ തുക കളക്ടറുടെ കൈവശമായിരിക്കുമെന്നും അതിന്റെ പലിശ എടുത്ത് കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി ഉപയോഗിക്കാന്‍ കഴിയും.

വയനാട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ക്കായി രൂപീകരിച്ച പദ്ധതി നിര്‍വ്വഹണ യൂണിറ്റില്‍ തസ്തികള്‍
വയനാട് ടൗണ്‍ഷിപ്പ് പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ച പദ്ധതി നിര്‍വ്വഹണ യൂണിറ്റില്‍ വിവിധ തസ്തികളും അനുവദിച്ചിട്ടുണ്ട്.

അക്കൗണ്ട്‌സ് ഓഫീസര്‍, സിവില്‍ എന്‍ജിനീയര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കുമെന്നും ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ എന്ന തസ്തിക ഫിനാന്‍സ് ഓഫീസര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

സ്റ്റാഫിന്റെ നിയമനം നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അനുമതി നല്‍കുമെന്നും പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ തലവനായി വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

വയനാട് ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടല്‍ മാര്‍ച്ച് 27നായിരിക്കുമെന്ന് നേരത്തെ റവന്യൂ മന്ത്രി കെ. രാജന്‍ നിയമസഭയെ അറിയിച്ചിരുന്നു.

ടോപ്പോഗ്രാഫിക്കല്‍ സര്‍വേയും ജിയോളജിക്കല്‍ സര്‍വേയും ഹൈഡ്രോളജിക്കല്‍ സര്‍വേയും സോയില്‍ ടെസ്റ്റിങ്ങും കഴിഞ്ഞ് ബോണ്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുനരധിവാസത്തിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.

Content Highlight: Government decides to pay Rs 26 crore compensation to Elstone Estate acquired for Wayanad rehabilitation