തിരുവനന്തപുരം: സംസ്ഥാനത്തെ ഫ്‌ളാറ്റുകളും വില്ലകളും പറഞ്ഞ സമയത്തിനകം നിര്‍മിച്ചില്ലെങ്കില്‍ കരാര്‍ പ്രകാരമുള്ള നഷ്ടപരിഹാരം 12% വാര്‍ഷികപലിശ ചേര്‍ത്തു നല്‍കാനുള്ള നിയമവ്യവസ്ഥ ഉടന്‍ പ്രാബല്യത്തില്‍. ഇത്തരം പദ്ധതികളില്‍ തട്ടിപ്പു നടത്തിയാല്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ നിന്ന് പദ്ധതി തുകയുടെ പത്ത് ശതമനം വരെ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍.
റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ ചട്ടങ്ങളിലാണു നിക്ഷേപകര്‍ക്ക് അനുകൂലമായ കര്‍ശനവ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ ക്രമക്കേടുകള്‍ ഒഴിവാക്കി സുതാര്യമാക്കാനാണ് ലക്ഷ്യം.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍ അതിനാവശ്യമായ നിയമനിര്‍മാണം നടത്താന്‍ കഴിഞ്ഞില്ല. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നിയമം പാസാക്കിയതോടെ സംസ്ഥാന നിയമം പിന്‍വലിച്ചു.
ഇപ്പോള്‍ കേരളം പ്രവര്‍ത്തനച്ചട്ടം തയാറാക്കിയതിനാല്‍ തദ്ദേശസ്വയംഭരണ വകുപ്പു സെക്രട്ടറി അധ്യക്ഷനായ അതോറിറ്റിക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാം. കരാര്‍ പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ നിരവധി പരാതികളാണു നിലവിലുള്ളത്. ഇത്തരം പരാതികള്‍ ഇനി 100 രൂപ ഫീസോടെ റെഗുലേറ്ററി കമ്മിറ്റിയ്ക്ക് നല്‍കാം.
പുതിയ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചില ചട്ടങ്ങള്‍ മുന്നോട്ടു വെച്ചിരിക്കുകയാണ്. കെട്ടിട നിര്‍മ്മാണത്തിനും ഇത് ബാധകമാണ്. നിര്‍മാണം സംബന്ധിച്ച വ്യവസ്ഥകള്‍;
1. റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ സംസ്ഥാനത്തു റിയല്‍ എസ്റ്റേറ്റ് കച്ചവടം പാടില്ല.
2. കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ അനുമതികളും വാങ്ങിയ ശേഷമാണു റിയല്‍ എസ്റ്റേറ്റ് പ്രമോട്ടര്‍മാര്‍ രജിസ്‌ട്രേഷന് അപേക്ഷിക്കേണ്ടത്. നിര്‍മാണം ആരംഭിച്ചുകഴിഞ്ഞവരും രജിസ്‌ട്രേഷന്‍ എടുക്കണം.
3. റിയല്‍ എസ്റ്റേറ്റ് പ്രമോട്ടറുടെയും പങ്കാളികളുടെയും ഫോട്ടോയും മേല്‍വിലാസവും സഹിതമുള്ള വിവരങ്ങള്‍, കഴിഞ്ഞ അഞ്ചു വര്‍ഷം നടപ്പാക്കിയ പദ്ധതികളുടെ പട്ടിക, നേരിട്ട നിയമനടപടികള്‍, പദ്ധതി രൂപരേഖ, അഗ്‌നിശമന/ പരിസ്ഥിതി/ കെട്ടിടനിര്‍മാണ അനുമതികള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍ തുടങ്ങിയവ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം.
4. കെട്ടിടം ബുക്ക് ചെയ്തവര്‍ക്ക് റിയല്‍ എസ്റ്റേറ്റ് സ്ഥാപനം പണം തിരികെ നല്‍കേണ്ടി വന്നാല്‍ അതിനു 45 ദിവസത്തെ സാവകാശമേ ലഭിക്കൂ.
അതേസമയം നിലവിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 25,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
ഭൂമി വാങ്ങി പ്ലോട്ടുകളാക്കി മറിച്ചുവില്‍ക്കുന്ന ഏജന്റുമാര്‍ ഇനി 25,000 രൂപ നല്‍കി രജിസ്‌ട്രേഷന്‍ എടുക്കണം. വാങ്ങിയ ഭൂമി അതേപടി വില്‍ക്കുന്നവര്‍ക്കു രജിസ്‌ട്രേഷന്‍ വേണ്ട.
പരമ്പരാഗതമായി കിട്ടിയ ഭൂമി പ്ലോട്ടുകളാക്കി വില്‍ക്കുന്നവര്‍ക്കും പ്രശ്‌നമില്ല. ഏജന്റുമാരും റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ എടുക്കുന്നതിനു പുറമേ ഓരോ പദ്ധതിയും അതോറിറ്റിയില്‍ വെവ്വേറെ റജിസ്റ്റര്‍ ചെയ്യുകയും വേണം.