തിരുവനന്തപുരം: വിവാദമായ നീലക്കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ച മന്ത്രിമാരുടെ റിപ്പോര്‍ട്ടുകളില്‍ വൈരുദ്ധ്യമുള്ളതിനെ തുടര്‍ന്ന് ഉദ്യാനത്തില്‍ വീണ്ടും സംയുക്ത പരിശോധന നടത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.
ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തില്‍ വനം, റവന്യു ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമേ ഉദ്യാനത്തിന്റെ വിസ്തീര്‍ണം അടക്കമുള്ള കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.
മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം കൈയേറിയവരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടെന്ന് വനം മന്ത്രി കെ.രാജു നേരത്തെ മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തിരുന്നു. ഉദ്യാനത്തിലെ സര്‍വേ കഴിഞ്ഞ ശേഷം മതി ഒഴിപ്പിക്കലെന്നും മന്ത്രി പറഞ്ഞു. നീലക്കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശം.
കഴിഞ്ഞ 11, 12 തീയതികളിലായിരുന്നു കെ.രാജു, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവര്‍ മൂന്നാര്‍ സന്ദര്‍ശിച്ചത്. എന്നാല്‍ മന്ത്രിമാര്‍ നല്‍കിയത് വ്യത്യസ്ത റിപ്പോര്‍ട്ടുകളായിരുന്നു.