മൊഴിമാറ്റം : കെ.എന്‍.കണ്ണാടിപ്പറമ്പ്
കടപ്പാട് : ദ വയര്‍
കൊറോണ വൈറസിനെതിരായ നമ്മുടെ പോരാട്ടം രണ്ട് യുദ്ധമുഖങ്ങളില്‍ നിന്നുകൊണ്ട് നിര്‍വ്വഹിക്കേണ്ടതായ സാഹചര്യമാണ് വന്നിരിക്കുന്നത്. ഒന്ന് ആരോഗ്യമേഖലയില്‍ നിന്നാണെങ്കില്‍ മറ്റൊന്ന് സാമ്പത്തിക മേഖലയില്‍ നിന്നാണ്. അത് എത്രമേല്‍ കഠിനമായ നിയോഗമാണെന്ന് സൈന്യത്തലവന്മാര്‍ക്കേ അറിയൂ.
യുദ്ധം വിജയിക്കുന്നതുവരെ പിടിച്ചു നില്‍ക്കാനുള്ള വിഭവങ്ങളും വേണ്ടത്ര ആവശ്യമാണ്. ഗുണനിലവാരമുള്ള മനുഷ്യശക്തിയും ആധുനിക ഉപകരണങ്ങളും ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുള്ള വൈദഗ്ദ്യവും സമന്വയിക്കുമ്പോഴാണ് അത് സാധ്യമാവുന്നത്. യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ കൈകാര്യം ചെയ്യേണ്ട ദൗത്യവും സൈന്യത്തലവനു തന്നെയായിരിക്കും.
ഈ യുദ്ധത്തില്‍, ആദ്യ ചുവട് വയ്പുകളില്‍ നമുക്ക് വീഴ്ച പറ്റിയിരിക്കുന്നു. നമ്മുടെ ഡോക്ടര്‍മാര്‍ക്കായ് ഗുണനിലവാരമുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ സജ്ജമാക്കുക എന്നത് അടിയന്തിര പ്രാധാന്യമുള്ള വിഷയമായിരുന്നു. നിര്‍ഭാഗ്യവശാല്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ഇത് ലഭിച്ചുള്ളൂ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലിയിലെ ഹിന്ദു റാവു ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ രാജിവവെക്കാനുണ്ടായ കാരണം ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്കു ശേഷവും, അവര്‍ക്ക് ഈ പറയപ്പെട്ട ഉപകരണങ്ങള്‍ ലഭ്യമാക്കിയില്ല എന്നതായിരുന്നു.
അസ്വാസ്ഥ്യം ജനിപ്പിക്കുന്ന മറ്റൊരു വസ്തുത, ദില്ലിയിലെ കുറഞ്ഞത് എട്ട് ഡോക്ടര്‍മാരെങ്കിലും ഇതേ കാരണത്താല്‍ ഇപ്പോള്‍ വൈറസ് ബാധിതരായിരിക്കുന്നു എന്നതാണ്. വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ലാതെ ഈ യുദ്ധം ആരംഭിക്കാന്‍ തന്നെ സാധ്യമല്ല. ലോകാരോഗ്യ സംഘടന കൊവിഡ് 19 നെ ആഗോള മഹാമാരിയായി ജനുവരി അവസാനത്തോടെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സമയബന്ധിതമായി വേണ്ട നടപടികളെടുത്തില്ല.
സുരക്ഷാ ഉപകരങ്ങള്‍ വാങ്ങുന്നതിനുള്ള ഉത്തരവിറക്കാന്‍ പിന്നെയും രണ്ട് മാസമെടുത്തു എന്നത് തന്നെ തികഞ്ഞ ഉദാസീനതയാണ്. കൊറോണ വൈറസിന്റെ മാരകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനുവരിയില്‍ തന്നെ ഗവണ്‍മെന്റിന് അറിയാമായിരുന്നുവെന്ന കാര്യം കണക്കിലെടുക്കുമ്പോള്‍ ഈ ഉദാസീനതയ്ക്ക് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?
ദേശീയതലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 ന് മാത്രമാണ് 26 ലക്ഷം യൂണിറ്റ് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാന്‍ ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം ഉത്തരവിട്ടത്. ഇതിനായി തിരഞ്ഞെടുത്ത 14 കമ്പനികളില്‍ നിന്ന് (ഇതില്‍ ചിലത് ഇക്കാര്യത്തില്‍ ഒട്ടും മുന്‍പരിചയം ഇല്ലാത്തവയാണ്) ഇതുവരെ 60,000 യൂണിറ്റുകള്‍ മാത്രമാണ് സംഭരിക്കാനായത്. ഈ കമ്പനികള്‍ക്കെല്ലാം കൂടിയുള്ള മൊത്തനം ഉല്‍പാദന ശേഷി, ദിവസം 15,000 മാത്രമാണെന്നു കൂടി ഓര്‍ക്കുക. ഈ നിരക്കില്‍ നോക്കിയാല്‍, ആവശ്യമായത്ര ഉപകരണം കിട്ടാന്‍ ഇനിയും ആറുമാസമെങ്കിലുമെടുക്കും.
രോഗപരിശോധനാ കിറ്റുകള്‍ ആവശ്യമായത്ര അളവില്‍ വാങ്ങി സൂക്ഷിക്കുക എന്നതായിരുന്നു കേന്ദ്ര ഗവണ്മെന്റ് ചെയ്യേണ്ടിയിരുന്ന മറ്റൊരു പ്രധാനപ്പെട്ട ആവശ്യം. രോഗപരിശോധനയിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ വെച്ച് കൊണ്ടു മാത്രമേ ഭാവി പ്രവര്‍ത്തനഗതി ആസൂത്രണം ചെയ്യാന്‍ നമുക്ക് കഴിയുള്ളൂ.
ഉയര്‍ന്ന നിലവാരമുള്ള ടെസ്റ്റിംഗ് കിറ്റുകള്‍ എപ്പോള്‍, എങ്ങനെ ലഭ്യമാക്കുമെന്ന് ഇതുവരെയും അറിവായിട്ടില്ല. ആശുപത്രികളിലെ വാര്‍ഡുകളും കിടക്കകളും കോവിഡ് ചികിത്സക്കായി മാറ്റിവെക്കുന്നതിനൊപ്പം തന്നെ അടച്ചുറപ്പും സൗകര്യങ്ങളുമുള്ള മറ്റ് കെട്ടിടങ്ങള്‍കൂടി ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റുക എന്നതാണ് മര്‍മ്മപ്രധാനമായ മറ്റൊരാവശ്യം. നിലവില്‍ ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും നമ്മുടെ പക്കലില്ല. ഇത്തരമൊരവസ്ഥയില്‍ ഈ മഹാമാരി പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയാല്‍ നാം തന്നെ അതിനുത്തരം പറയയേണ്ടി വരും.
ലോക്ക്ഡൗണിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് നമ്മള്‍ പോരാടേണ്ട മറ്റൊരു മേഖല. താഴെക്കിടയില്‍ പെട്ട ദശലക്ഷക്കണക്കിനാളുകളായിരിക്കും ഇതിന്റെ ദുരന്തം നേരിട്ടനുഭവിക്കാന്‍ പോകുന്നത്. കുടിയേറ്റതൊഴിലാളികളുള്‍പ്പെടെയുള്ള, നിത്യവൃത്തിക്കായ് കഷ്ടപ്പെടുന്ന കൂലിപ്പണിക്കാര്‍ മുതല്‍ സാമ്പത്തിക മാന്ദ്യം കാരണം ജോലി നഷ്ടപ്പെട്ടവര്‍ വരെ ഇതില്‍പെടും. മാരുതി കാര്‍ വില്‍പ്പന മാര്‍ച്ചില്‍ 47% ഇടിഞ്ഞു. ഫാക്ടറികള്‍ അടച്ചു പൂട്ടുകയും തൊഴിലാളികളെ പിരിച്ചു വിടുകയും ചെയ്തു കൊണ്ടിരിക്കുന്നു. അസംഘടിത തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരായിരിക്കും ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുന്ന പ്രധാനപ്പെട്ട മറ്റൊരു വിഭാഗം.
അവരുടെയെല്ലാം നിലനില്‍പ്പിനായി കേന്ദ്രം ഉടന്‍ തന്നെ ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. കുടിയേറ്റ തൊഴിലാളികളുടെ പാലായനം, അവശ്യസാധനങ്ങളുടെ വിതരണത്തെയും സാരമായി ബാധിച്ചു കഴിഞ്ഞു. ഡല്‍ഹിയിലെ ഖാരി ബൗളിയിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റുകളിലേക്ക് , ഗോഡൗണുകളില്‍ നിന്നും ചരക്ക് നീക്കാന്‍ കയറ്റിറക്ക് തൊഴിലാളികളില്ലാത്തത് മൊത്തക്കച്ചവടക്കാര്‍ക്കും ചില്ലറ വില്പനക്കാര്‍ക്കും ഒരേപോലെ പ്രതിസന്ധി തീര്‍ത്തിരിക്കയാണ്.
ദില്ലിയിലെ ഏറ്റവും വലിയ മൊത്തവ്യാപാര മാര്‍ക്കറ്റില്‍, അവരുടെ ഗോഡൗണുകളില്‍ നേരത്തെ സൂക്ഷിച്ചിരിക്കുന്ന അവശ്യവസ്തുക്കളാണ് ഇപ്പോള്‍ വില്‍പന നടത്തിക്കൊണ്ടിരിക്കുന്നത്. ഇവ കുറച്ച് ദിവസങ്ങള്‍ കൂടി നീണ്ടുനിന്നേക്കാം, അതിലധികം പ്രതീക്ഷിക്കേണ്ട. മൊത്തക്കച്ചവടക്കാരുടെ സ്റ്റോറുകളില്‍ നിന്ന് സാധനസാമഗ്രികള്‍ കൊണ്ടുവരാന്‍ തൊഴിലാളികള്‍ ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ റീട്ടെയില്‍ ഷോപ്പുകളിലെ അലമാരകളും വൈകാതെ ശൂന്യമാകും.
വീട്ടാവശ്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ ഗോതമ്പ് മാവ്, പയര്‍വര്‍ഗ്ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന മൊത്തക്കച്ചവടക്കാരുടെ വിതരണശൃംഖല നിലക്കുന്നതോടെ ഈ അവശ്യവസ്തുക്കളൊന്നും തന്നെ ഉപഭോക്താക്കളില്‍ എത്താത്ത അവസ്ഥ സംജാതമാകും. തുടര്‍ന്ന് വിപണിയില്‍ സംഭവിക്കുന്ന കൃത്രിമവിലക്കയറ്റം ദരിദ്രജനങ്ങളെ പട്ടിണിയിലേക്കാവും തള്ളിവിടുന്നത്. ഈ അവസ്ഥ രാജ്യമെമ്പാടും വ്യാപിച്ചേക്കുമെന്നതിനാല്‍ അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയമാണിത്.
മൊത്തക്കച്ചവടക്കാരില്‍ നിന്ന് ചില്ലറ വില്‍പ്പനക്കാരിലേക്ക് ചരക്കുകള്‍ നീക്കാന്‍ കഴിയാത്തതിനാല്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ അഭൂതപൂര്‍വമായ ഓര്‍ഡറുകള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. ആമസോണിന്റെയും ഫ്‌ലിപ്കാര്‍ട്ടിന്റെയും ബിസിനസ്സ് സാധ്യതകള്‍ ആകര്‍ഷകമാണെന്നാണ് തോന്നുന്നത്. നിര്‍ഭാഗ്യവശാല്‍, അവരും പൊല്ലാപ്പിലാണ്. ഓര്‍ഡറുകളെ സ്വീകരിക്കാനും, ഉപഭോക്താക്കള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കാനും പറ്റാത്ത വിധം ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. ട്രക്ക് ഡ്രൈവര്‍മാര്‍, ഭയം കാരണം വാഹനങ്ങള്‍ വഴിയിലുപേക്ഷിച്ചു സ്ഥലംവിട്ടിരിക്കുകയാണ്. വിതരണ ശൃംഖല ഇത്തരത്തില്‍ സ്തംഭിച്ചിരിക്കയാല്‍, അവശ്യവസ്തുക്കള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ ഒരു വഴിയുമില്ലാതായിരിക്കുന്നു.
അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ ഗതാഗത സൗകര്യമൊരുക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. പക്ഷേ അത് വേണ്ടത്ര ഫലം ചെയ്തിട്ടില്ല. ഈ സാഹചര്യങ്ങളില്‍, ഇ-വേ ബില്ലുകളുടെ ആവശ്യകത അവശ്യ സേവനങ്ങള്‍ നല്‍കുന്നതിന് ഒരു തടസ്സമായി വന്നിരിക്കുന്നു.
50,000 രൂപയ്ക്ക് മുകളിലുള്ള സാധനങ്ങള്‍ കടത്താന്‍ നിയമപ്രകാരം ഇ-വേ ബില്‍ ആവശ്യമാണ്. ഡ്രൈവര്‍മാര്‍ ലഭ്യമല്ലാത്തതിനാല്‍, ഇ-വേ ബില്ലില്‍ വാഹന നമ്പര്‍ ഉള്‍പ്പെടുത്തണമെന്ന നിയമം പാലിക്കാന്‍ കഴിയാതെ വരും. ഇത് രാജ്യത്തുടനീളമുള്ള അവശ്യസാധനങ്ങളുടെ ചരക്കു നീക്കത്തെ പ്രതികൂലമായി ബാധിക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും അത്യന്തം ദയനീയമാണ്. ബിസിനസുകള്‍ അടച്ചുപൂട്ടുന്നതിലൂടെ, റവന്യു വരുമാനം ധനകാര്യ ബില്ലിലെ പ്രവചനങ്ങളെക്കാള്‍ വളരെ താഴെയായിരിക്കും. ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കാണില്ല. എയര്‍ ഇന്ത്യയെ വിലക്കെടുക്കാന്‍ ആളുണ്ടാവില്ല. ജി.എസ്.ടി വരുമാനവും പ്രതീക്ഷിച്ചതിലും വളരെ താഴെയാണ്. അതിനാല്‍, ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സര്‍ക്കാറിനിപ്പോള്‍ പരിമിതമായ സാമ്പത്തിക സ്രോതസ്സുകളേയുള്ളൂ.
കേന്ദ്രം പ്രഖ്യാപിച്ച 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വളരെ തുച്ഛമാണ്, രാജ്യത്തിന്റെ ആശങ്കകള്‍ കൈകാര്യം ചെയ്യുന്നതിനു അത് പര്യാപ്തമല്ല. വായ്പ അനുവദിക്കുന്നതിന് ബാങ്കുകള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുന്ന തരത്തില്‍ റിസര്‍വ് ബാങ്ക് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, വ്യാപാരം ഏതാണ്ട് നിലച്ചമട്ടിലായതിനാല്‍ വായ്പക്ക് വേണ്ടിയുള്ള അപേക്ഷകളും വളരെ കുറവായിരിക്കും.
ആരോഗ്യമേഖലയും സാമ്പത്തിക മേഖലയുമെന്ന രണ്ട് യുദ്ധമുഖത്ത് നിന്നുകൊണ്ടുള്ള ഈ പോരാട്ടത്തിന് എല്ലാ തലങ്ങളിലുമുള്ള സ്ഥാപനങ്ങളുടെ സഹകരണം ആവശ്യമാണ്. കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുകയും എന്‍.ജി.ഒ കളുടെയും മറ്റും സഹകരണം തേടുകയും വേണം. ചോദിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി ചോദിക്കുന്ന ഭരണഘടനാ സംവിധാനമായി കോടതികള്‍ പ്രവര്‍ത്തിക്കണം; പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നെങ്കില്‍ അതേക്കുറിച്ച് അന്വേഷിക്കയും വേണം.
സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്യുകയോ ജനങ്ങളെ അറിയിക്കുകയോ ചെയ്യാതെ ലോക്ക്ഡൗണ്‍ ചുമത്താന്‍ തീരുമാനിച്ച കാര്യത്തില്‍ ഗവണ്‍മെന്റ് ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്. മുഗള്‍ ചക്രവര്‍ത്തിമാരുടെ ഉത്തരവുകളുടെ കാലം കഴിഞ്ഞു. ഒരു ജനാധിപത്യ സര്‍ക്കാരിനും ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. രാഷ്ട്രീയക്കളികള്‍ ഉപേക്ഷിക്കേണ്ട സമയമാണിത്; ഈ മഹാമാരിക്ക് ഒരു കാരണവശാലും സാമുദായിക നിറം നല്‍കയുമരുത്.
ഈ യുദ്ധത്തില്‍ പോരാടുന്ന യോദ്ധാക്കളെ നമുക്ക് അഭിവാദ്യം ചെയ്യാം – ആതുരസേവകര്‍, പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്തില്‍ വ്യാപൃതരായ പോലീസ് സേന, ഒപ്പം നമ്മുടെ ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ മാധ്യമപ്രവര്‍ത്തകരും. ഇവരെല്ലാം തന്നെ രോഗബാധയുടെ സാധ്യതയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഈ യുദ്ധത്തില്‍, ഭരണത്തിന്റെ തലപ്പത്ത് വിരാജിക്കുന്ന ജനറല്‍മാര്‍ മുന്‍നിരകളില്‍ തന്നെയുണ്ടാവണം. അവര്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും വേണം.