| Monday, 15th December 2014, 10:30 am

മാവോവാദി ബന്ധം ആരോപിച്ചിരുന്ന സ്വിസ് പൗരന്‍ ജോനാഥനെ കരിമ്പട്ടികയില്‍പ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി അറസ്റ്റ് റദ്ദ് ചെയ്തതിനെത്തുടര്‍ന്ന് വിട്ടയയ്ക്കുകയും ചെയ്ത സ്വിസ് പൗരന്‍ ജോനാഥന്‍ ബൗദിനെ കരിമ്പട്ടികയില്‍പ്പെടുത്തി. ആഭ്യന്തര വകുപ്പാണ് ജോനാഥനെ കരിമ്പട്ടികയില്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

അഭിഭാഷകനോ കോടതിയോ അറിയാതെയാണ് ആഭ്യന്തരവകുപ്പ് ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കരിമ്പട്ടികയില്‍പ്പെടുത്തിയവരെ ഇന്ത്യ വിട്ടുപോകാന്‍ അനുവദിക്കാറില്ലെങ്കിലും കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് അദ്ദേഹത്തെ പോകാന്‍ അനുവദിച്ചത്. അദ്ദേഹത്തെ സര്‍ക്കാര്‍ ചെലവില്‍ തന്നെ നാട്ടിലത്തെിക്കാനായിരുന്നു കോടതി ഉത്തരവ്.

വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയപ്പോഴാണ് ജോനാഥന്‍ തന്നെ കരിമ്പട്ടികയില്‍പ്പെടുത്തിയ വിവരം അറിയുന്നത്. ജോനാഥനെ നാട്ടിലേക്ക് പോകാന്‍ അനുവദിച്ചെങ്കിലും കരിമ്പട്ടികയില്‍ പെടുത്തിയതിനാല്‍ ഇനി അദ്ദേഹത്തിന് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല.

കരിമ്പട്ടികയില്‍പ്പെടുത്തിയതിനെതിരെ കോടതിയെ സമീപിക്കാന്‍ അഭിഭാഷകനായ പി. രവീന്ദ്രനാഥിനെ ചുമതലപ്പെടുത്തിയതിന് ശേഷമാണ് ജോനാഥന്‍ നാട്ടിലേക്ക് മടങ്ങിയത്. കോടതി ഉത്തരവുള്ളതിനാല്‍ ജോനാഥിന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാറിന് ചെയ്തുകൊടുക്കേണ്ടി വന്നു.

കൊല്ലപ്പെട്ട മാവോവാദി നേതാവ് സിനോജിന്റെ അനുസ്മരണചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചതിനാണ് വലപ്പാട് പോലീസ് ജോനാഥന്‍ ബൗദിനെ കസ്റ്റഡിയിലെടുത്തത്. ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിച്ചത് വിസ ചട്ടലംഘനമാണെന്നായിരുന്നു് കേസ്.

എന്നാല്‍ അറസ്റ്റിലായ ജോനാഥനെതിരെ ആവശ്യമായ  തെളിവുകള്‍ ലഭിക്കുകയോ ആരോപിക്കപ്പെട്ടിരിക്കുന്ന മാവോവാദി ബന്ധം സ്ഥിരീകരിക്കാനോ പോലീസിന് കഴിഞ്ഞിരുന്നില്ല.

ടൂറിസ്റ്റ് വിസയില്‍ കേരളത്തില്‍ എത്തിയ ജോനാഥന്‍ കഴിഞ്ഞ മാസം ഏഴാം തീയതി മുതല്‍ കണ്ണൂരില്‍ താമസിച്ച് വരികയായിരുന്നു. വനത്തിനുള്ളില്‍ മരിച്ച മാവോവാദി നേതാവ് സിനോജിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇയാള്‍ തൃപ്രയാറിലെത്തിയിരുന്നത്.

സ്വിറ്റ്‌സര്‍ലന്റിന്റെ സാമ്പത്തിക ചരിത്രം, പാശ്ചാത്യ രാജ്യങ്ങളിലെ കമ്മ്യൂണിസം എന്നീ വിഷയങ്ങളിലാണ് ഗവേഷണം നടത്തുന്നത്. അതിന്റെ ഭാഗമായ പഠനങ്ങള്‍ക്കാണ് താന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നതെന്നാണ് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നത്.

കോടതി കേസ് റദ്ദ് ചെയ്ത ഒരു വ്യക്തിയെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് കോടതി ഉത്തരവിന്റെ തന്നെ ലംഘനമാണ്. യോഗത്തില്‍ പങ്കെടുത്തുവെന്ന കാരണത്താല്‍ ജോനാഥിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്ന സാഹചര്യത്തില്‍ എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു നടപടി കൈകൊണ്ടതെന്ന് വ്യക്തമല്ല.

വായിക്കുക: അനുഭവിച്ചത് കടുത്ത മനുഷ്യാവകാശലംഘനം; മരണം വരെ ഇനി ഇന്ത്യയിലേയ്ക്കില്ല; ജൊനാഥന്‍ ബൗദ്

We use cookies to give you the best possible experience. Learn more