സര്‍ക്കാര്‍ സഹായം എയ്ഡഡ് സ്ഥാപനങ്ങളുടെ മൗലികാവകാശമല്ല: സുപ്രീംകോടതി
national news
സര്‍ക്കാര്‍ സഹായം എയ്ഡഡ് സ്ഥാപനങ്ങളുടെ മൗലികാവകാശമല്ല: സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th September 2021, 8:48 am

ന്യൂദല്‍ഹി: സര്‍ക്കാരില്‍നിന്ന് സഹായധനം ലഭിക്കുക എന്നത് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. സഹായം നിബന്ധനകള്‍ക്കു വിധേയമാണെന്നും അത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നയതീരുമാനമെടുത്താല്‍പ്പോലും ചോദ്യംചെയ്യല്‍ സ്ഥാപനങ്ങളുടെ അവകാശമല്ലെന്നും കോടതി പറഞ്ഞു.

ഇക്കാര്യത്തില്‍ ന്യൂനപക്ഷ, ന്യൂനപക്ഷേതര എയ്ഡഡ് സ്ഥാപനങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്നും ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. സ്വന്തം നിബന്ധനകള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ സഹായധനം നല്‍കേണ്ടതെന്ന് സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാനാവില്ല.

സഹായധനം നല്‍കുക എന്നത് സര്‍ക്കാര്‍ നയമാണ്. സ്ഥാപനങ്ങളുടെ താത്പര്യങ്ങള്‍ക്കൊപ്പം തങ്ങളുടെ ശേഷിയും കണക്കിലെടുത്താണ് സര്‍ക്കാര്‍ നയമുണ്ടാക്കുന്നതെന്നും അതേസമയം, ഒരേ തരത്തിലുള്ള സ്ഥാപനങ്ങളെ വ്യത്യസ്തമായി പരിഗണിച്ചാല്‍ ചോദ്യംചെയ്യാമെന്നും സുപ്രീംകോടതി പറഞ്ഞു.

ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസ നിയമത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന 101-ാം റെഗുലേഷന്‍ ഭരണഘടനാവിരുദ്ധമാണെന്ന് അലഹാബാദ് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു.
ഇതിനെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി.

എയ്ഡഡ് സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം, അതില്‍ ന്യൂനപക്ഷ, ന്യൂനപക്ഷേതര സ്ഥാപനങ്ങളെന്ന വ്യത്യാസമില്ല. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട
ഭരണഘടനയുടെ 30-ാം അനുച്ഛേദത്തിന് അതിന്റേതായ നിയന്ത്രണങ്ങളുമുണ്ട്. സര്‍ക്കാരിന്റെ നയതീരുമാനം അങ്ങേയറ്റം ഏകപക്ഷീയമല്ലെങ്കില്‍ അതില്‍ ഇടപെടാതിരിക്കുകയാണ് ഭരണഘടന കോടതി ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Government assistance is not a fundamental right of aided institutions: Supreme Court