| Saturday, 7th December 2024, 8:46 pm

സംസ്ഥാനത്ത് 22 സ്വകാര്യ വാടക ഗര്‍ഭധാരണ ക്ലിനിക്കുകള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 22 സ്വകാര്യ വാടക ഗര്‍ഭധാരണ ക്ലിനിക്കുകള്‍ക്ക് അംഗീകാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഒമ്പത് ജില്ലകളിലെ ക്ലീനിക്കുകള്‍ക്കാണ് ആരോഗ്യവകുപ്പ് അംഗീകാരം നല്‍കിയത്.

അംഗീകാരമില്ലാത്ത ക്ലിനിക്കുകളില്‍ നിയമവിരുദ്ധമായും സുരക്ഷയില്ലാതെയും വാടക ഗര്‍ഭധാരണം നടത്തുന്നത് തടയുക എന്നതാണ് ലക്ഷ്യം. കൃത്രിമ ഗര്‍ഭധാരണം, വാടക ഗര്‍ഭധാരണം എന്നിവയ്ക്കായി നിയമപ്രകാരം ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടിയാണ് നീക്കത്തിന് പിന്നില്‍.

എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ എന്നീ ജില്ലകളില്‍ യഥാക്രമം ഏഴ്, നാല്, മൂന്ന് വീതമാണ് അംഗീകാരം ലഭിച്ച ക്ലീനിക്കുകള്‍ ഉള്ളത്. ആലപ്പുഴയിലും കാസര്‍ഗോഡും രണ്ടെണ്ണം വീതവും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒന്ന് വീതവും ക്ലീനിക്കുകളും അംഗീകാരം നേടി.

  • എറണാകുളം- സിമാര്‍ കൊച്ചിന്‍ ഹോസ്പിറ്റല്‍, സബീന്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍, വിജയലക്ഷ്മി മെഡിക്കല്‍ സെന്റര്‍, ദി ലൈഫ്ലൈന്‍ ക്ലിനിക് ആന്റ് ഇന്‍ഫെര്‍ട്ടിലിറ്റി സെന്റര്‍, സിറ്റി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗൈനോ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ക്രാഫ്റ്റ് ഫെര്‍ട്ടിലിറ്റി സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ്
  • തിരുവനന്തപുരം- പ്രാണ്‍ ഫെര്‍ട്ടിലിറ്റി ആന്റ് വെല്‍ വിമണ്‍ സെന്റര്‍, കെ.ജെ.കെ ഹോസ്പിറ്റല്‍, സമദ് ഹോസ്പിറ്റല്‍സ്, യാനാ ഫെര്‍ട്ടിലിറ്റി ആന്റ് ഐ.വി.എഫ് സെന്റര്‍
  • തൃശൂര്‍- കെയര്‍ സെന്റര്‍, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍, റെപ്രോ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്
  • കൊല്ലം- ട്രാവന്‍കൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീപ്രൊഡക്ടീവ് മെഡിസിന്‍
  • പത്തനംതിട്ട- ലൈഫ്ലൈന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍
  • ആലപ്പുഴ- കിന്‍ഡര്‍ വിമന്‍സ് ഹോസ്പിറ്റല്‍ ആന്റ് ഫെര്‍ട്ടിലിറ്റി സെന്റര്‍, ജനനി എ.ആര്‍.ടി സെന്റര്‍
  • മലപ്പുറം- മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്
  • കോഴിക്കോട്- മലാപറമ്പ് കൊക്കോറി ലാപ്രോസ്‌കോപ്പിക് ആന്റ് ഐ.വി.എഫ് സെന്റര്‍
  • കാസര്‍ഗോഡ്- ഡ്രീം ഫ്‌ലവര്‍ ഐ.വി.എഫ് സെന്റര്‍, സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവയാണ് അംഗീകാരം ലഭിച്ച ക്ലീനിക്കുകള്‍.

നേരത്തെ നിയമവിരുദ്ധ ഗര്‍ഭധാരണത്തെ തുടര്‍ന്ന് ഉണ്ടാകാനിടയുള്ള അപകട സാധ്യത തടയാന്‍ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കുകയും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു.

ഇതുപ്രകാരം സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വാടക? ഗര്‍ഭധാരണ ക്ലിനിക്കുകള്‍, എ.ആര്‍.ടി (ആര്‍ട്ടിഫിഷ്യല്‍ റീ പ്രൊഡക്ടീവ് ടെക്‌നോളജി) ക്ലിനിക്കുകള്‍, എ.ആര്‍.ടി ബാങ്കുകള്‍ തുടങ്ങിയവ എ.ആര്‍.ടി സറോഗസി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം.

തുടര്‍ന്ന് നിശ്ചിത ഫീസ് സഹിതം അപേക്ഷ സമര്‍പ്പിച്ച സ്ഥാപനങ്ങള്‍ക്ക് പരിശോധനകള്‍ക്ക് ശേഷമാണ് ആരോഗ്യവകുപ്പ് അംഗീകാരം നല്‍കിയത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളായി തിരിച്ചാണ് പരിശോധന നടന്നത്.

Content Highlight: Government approves 22 private surrogacy clinics in state

We use cookies to give you the best possible experience. Learn more