തിരുവനന്തപുരം: കോഴിക്കോട് മോണോ റെയില്‍ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് സര്‍ക്കാറിന്റെ ഭരണാനുമതി. ഒപ്പം വന്‍കിട ഗതാഗത പദ്ധതികള്‍ക്കായി അഞ്ച് ശതമാനം ഇന്ധന സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനമായി.
പബ്ലിക്ക്, പ്രൈവറ്റ് പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ചിലവ് 1991 കോടി രൂപയാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെയാണ് ആദ്യഘട്ട മോണോ റെയില്‍ നടപ്പിലാക്കുക.[]
പദ്ധതി നടപ്പിലാക്കുവാന്‍ ആഗോള ടെണ്ടര്‍ വിളിക്കും. സുതാര്യമായ രീതിയിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കില്‍ ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കുവാനും പദ്ധതിയുണ്ട്. പദ്ധതിയുടെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ചുമതല സംസ്ഥാന സര്‍ക്കാറിനായിരിക്കും. ആദ്യഘട്ടം സെപ്റ്റംബര്‍ 2015ല്‍ പൂര്‍ത്തീകരിക്കും
14.2 കി മീറ്ററാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തികരിക്കുക, ഇതില്‍ 15 സ്‌റ്റേഷനുകള്‍ ഉള്‍പ്പെടും. 525 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. പദ്ധതിക്കായി ആകെ 10.65 ഹെക്ടര്‍ ഭൂമി ആവശ്യമാണ് ,ഇതില്‍ 1.58 ഹെക്ടര്‍ സര്‍ക്കാര്‍ ഏറ്റെടുക്കും.
കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ മോണോ റെയില്‍ കോര്‍പ്പറേഷന്‍ എന്ന കമ്പനിയില്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പുറമെ വ്യവസായ, ധന, ഗതാഗത, ആരോഗ്യ, നഗരവികസന, പഞ്ചായത്ത് വകുപ്പ് മന്ത്രിമാര്‍ ഡയരക്ടര്‍മാരാകും.