യോഗദിനത്തില്‍ പങ്കെടുക്കാത്ത ഉപരാഷ്ട്രപതിക്കെതിരെ ബി.ജെ.പി നേതാവിന്റെ ട്വീറ്റ്; സര്‍ക്കാര്‍ മാപ്പു പറഞ്ഞു
Daily News
യോഗദിനത്തില്‍ പങ്കെടുക്കാത്ത ഉപരാഷ്ട്രപതിക്കെതിരെ ബി.ജെ.പി നേതാവിന്റെ ട്വീറ്റ്; സര്‍ക്കാര്‍ മാപ്പു പറഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd June 2015, 10:04 pm

hamid-ansari-2ന്യൂദല്‍ഹി: ഞായറാഴ്ച നടന്ന യോഗാദിനാചാരണ പരിപാടികളില്‍ പങ്കെടുക്കാതിരുന്ന ഉപരാഷ്ട്രപതിയെ വിമര്‍ശിച്ചുകൊണ്ടുള്ള ബി.ജെ.പി നേതാവ് രാം മാധവിന്റെ ട്വീറ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍ മാപ്പു പറഞ്ഞു. ഭരണ കക്ഷി തങ്ങളുടെ രാഷ്ട്രീയം രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിനിടയിലായിരുന്നു യോഗ ദിനാചരണം നടന്നത്. പ്രസ്തുത പരിപാടിയിലായിരുന്നു ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പങ്കെടുക്കാതിരുന്നത്.

ഹമീദ് അന്‍സാരി പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് ബി.ജെ.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ രാം മാധവ് വിമര്‍ശനങ്ങളുമായി ട്വീറ്റ് ചെയ്തത്. “രണ്ട് ചോദ്യങ്ങള്‍: നികുതി ദായകരുടെ പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന രാജ്യസഭാ ടി.വി യോഗ ദിന പരിപാടിയെ പരിപൂര്‍ണമായും കാണിച്ചില്ലേ? വൈസ് പ്രസിഡന്റ് പങ്കെടുത്തതായി അതില്‍ കാണാത്തതെന്ത്?” എന്നായിരുന്നു രാം മാധവിന്റെ ട്വീറ്റ്.

എന്നാല്‍ പ്രസ്തുത പരിപാടിയിലേയ്ക്ക് ഉപരാഷ്ട്രപതിയെ ക്ഷണിക്കാതിരുന്നതിനാലാണ് അദ്ദേഹം പങ്കെടുക്കാതിരുന്നത് എന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണം നല്‍കിയിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു കേന്ദ്ര മന്ത്രി ശ്രീപ്രസാദ് നായിക് മാപ്പു പറഞ്ഞത്. പത്രപ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹം മാപ്പ് പറഞ്ഞത്.

പ്രധാനമന്ത്രി മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ ഉപരാഷ്ട്രപതിയെ ക്ഷണിക്കാന്‍ പാടില്ല എന്നാണ് പ്രോട്ടോകോള്‍ എന്നു അദ്ദേഹം വിശദീകരിച്ചു.

“അറിയാതെ ചില കാര്യങ്ങള്‍ സംഭവിച്ചു. അതിനോട് ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. അത് ഒഴിവാക്കാമായിരുന്നു. രാം മാധവ് തന്നെ തന്റെ പിശകാണതെന്ന് മനസിലാക്കി ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്.” ശ്രീപ്രസാദ് നായിക് വ്യക്തമാക്കി.

അതേസമയം ഉപരാഷ്ട്രപതിക്ക് സുഖമില്ലായിരുന്നുവെന്നും അതിനാലാണ് അദ്ദേഹം പങ്കെടുക്കാതിരുന്നതെന്നുമാണ് തനിക്ക് വിവരം ലഭിച്ചതെന്നാണ് രാംമാധവ് തന്റെ ക്ഷമാപണ ട്വീറ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത്തരത്തില്‍ ഒരസുഖവും ഉപരാഷ്ട്രപതിക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തെ ക്ഷണിക്കാത്തതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹത്തിന്റെ ഓഫീസ് തന്നെ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് വെട്ടിലായ സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അന്തര്‍ദേശീയ യോഗ ദിനാചരണപരിപാടില്‍ പുതുതായി രൂപീകരിച്ച മന്ത്രാലയമാണ് ആയുഷ്. അതിന്റെ മന്ത്രികൂടിയാണ് ശ്രീപ്രസാദ് നായിക്.