തിരുവനന്തപുരം: അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. അടിയന്തര സഹായമായി 2 ലക്ഷം രൂപ ഉടന്‍ കൈമാറുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. മരിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപ ധനസഹായവും നല്‍കും. കെ.എസ്.ആര്‍.സിയുടെ ഇന്‍ഷൂറന്‍സ് തുകയാണിത്.
അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വ്യാഴാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കുണ്ടായ അപകടത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട 19 പേരും മലയാളികളാണ്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത് 25 പേരാണ്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
48 പേരുമായി ബംഗളുരുവില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ പാലക്കാട് കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.