പ്രവാസികാര്യവും എയര്‍ കേരളയും; ഒരു പ്രവാസിയുടെ ആശങ്കകള്‍
Opinion
പ്രവാസികാര്യവും എയര്‍ കേരളയും; ഒരു പ്രവാസിയുടെ ആശങ്കകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th November 2012, 4:12 pm

എയര്‍ കേരളയ്ക്ക് വേണ്ടി വ്യോമയാന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനോ ഇളവുകള്‍ നേടുന്നതിനോ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും എന്നാണു ഉമ്മന്‍ ചാണ്ടി പറയുന്നത്. എയര്‍ ഇന്ത്യയുടെ നല്ല നടപ്പിനു വേണ്ടി ഇതുവരെ ഒരു സമ്മര്‍ദ്ദവും കണ്ടില്ലല്ലോ?


എസ്സേയ്‌സ് / നിജാസ് അസനാര്‍

 


പ്രവാസി എന്നാല്‍ വിദേശത്തു വന്‍ ബിസിനസ് നടത്തുന്ന ലുലു യൂസഫലി, ഗള്‍ഫാര്‍ മുഹമ്മദാലി, ലീലാ കൃഷ്ണന്‍ നായര്‍, ആര്‍.പി ഗ്രൂപ്പ് രവി പിള്ള, അറ്റ്‌ലസ് രാമചന്ദ്രന്‍, ജോയി ആലുക്കാസ് തുടങ്ങിയ നിരയില്‍പ്പെടുന്ന ചിലരാണെന്നും പ്രവാസി കാര്യം എന്നാല്‍ ഇവരുടെയൊക്കെ  കാര്യം നോക്കലാണെന്നും കരുതുന്ന “കാര്യ” മന്ത്രിയാണ് നമുക്കുള്ളത്.

അത് കൊണ്ട് പ്രവാസി എന്ന സാമാന്യ വര്‍ഗ്ഗമായ നമ്മള്‍ എയര്‍ ഇന്ത്യയുടെ വിഷയമായാലും മറ്റെന്തു വിഷയമായാലും ആത്മരോഷംകൊള്ളുകയും പിന്നെയും രോഷംകൊള്ളുകയും അങ്ങനെ കൊണ്ടുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.[]

നമുക്ക് കൊള്ളാനെ അറിയൂ, കൊടുക്കാന്‍ അറിയില്ല എന്നാണു പൊതുവേയുള്ള ധാരണയും. എന്നാല്‍ പ്രവാസി എന്ന വിശേഷ വര്‍ഗ്ഗത്തില്‍പ്പെടുന്ന മേല്‍(പറഞ്ഞ)ആളന്മാര്‍ കൊടുക്കാന്‍ കഴിവുള്ളവരാണ്. അതുകൊണ്ട് അവര്‍ കാര്യമായിത്തന്നെ കൊടുക്കുന്നു.

ഇതുപോലുള്ള വകുപ്പു മന്ത്രിമാര്‍ ഇങ്ങോട്ടുവരുമ്പോള്‍ ഇവര്‍ കൈകൊടുക്കുന്നതും ബൊക്കെ കൊടുക്കുന്നതുമൊക്കെ അതുകൊണ്ടാണല്ലോ. (വേറെ കൊടുക്കലുകളും നടക്കുന്നുണ്ടാവും, അതു പക്ഷേ, ബ്രായ്ക്കറ്റിനകത്തേ കൊടുക്കാറുള്ളൂ. ബ്രായ്ക്കറ്റിനു വെളിയില്‍ അത് പോകാന്‍ പാടില്ല).

എന്നാല്‍, ബ്രായ്ക്കറ്റുകള്‍ക്കകത്ത് തീരുമാനിക്കപ്പെടുന്നതും ബ്രായ്ക്കറ്റുകള്‍ക്ക് വെളിയില്‍ പ്രഖ്യാപിക്കപ്പെടുന്നതുമായ മറ്റു ചില കാര്യങ്ങളില്‍ നമ്മള്‍ പുളകം കൊള്ളാറുണ്ട്. എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ സ്ഥാനം രാജി വെക്കുകയാണെന്നും ഇനിമുതല്‍ എയര്‍ കേരളയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്നും ചില വിശേഷ പ്രവാസികള്‍ പ്രഖ്യാപിക്കുന്നത് കേട്ടു. നമ്മള്‍ ഇത് കുറെ “കൊണ്ട”താണ്. വാസ്തവത്തില്‍ ഈ പ്രഖ്യാപനങ്ങളുടെ ഉള്ളുകള്ളി എന്താണെന്ന് ഭൂരിപക്ഷം പേരും അത്ര ഗൗരവമായി ചിന്തിച്ചിട്ടില്ല.

കഴിഞ്ഞ സീസണില്‍ എയര്‍ ഇന്ത്യയില്‍ പൈലറ്റുമാര്‍ സമരം നടത്തുകയും ആ സമരം അനന്തമായി നീളുകയും ചെയ്തപ്പോള്‍, മധ്യവേനലവധിയ്ക്ക് നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് അതുണ്ടാക്കുന്ന ബുദ്ധിമുട്ട് കണക്കാക്കി, കഴിയുന്നത്ര വേഗത്തില്‍ അതില്‍ ഇടപെടുന്നതിനു പകരം, സമരക്കാരെ ചര്‍ച്ചയ്ക്കു വിളിക്കാതെ പരമാവധി അത് നീട്ടിക്കൊണ്ടു പോകുന്ന സമീപനമാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. വെക്കേഷന്‍ സീസണില്‍ പ്രവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കാണിച്ചു വ്യോമയാന മന്ത്രാലയത്തെ ഇടപെടുവിക്കുന്നതിനാവശ്യമായ ഒരു നടപടിയും പ്രവാസികാര്യ വകുപ്പില്‍ നിന്നുണ്ടായാതുമില്ല.

ചോദ്യം ചോദിക്കുന്നവര്‍ കമ്യൂണിസ്റ്റുകള്‍ ആണെന്ന ഉത്തരമല്ലാത്ത ഉത്തരത്തെ പ്രവാസികള്‍ക്ക് നേരെ ശകാര ഭാഷയില്‍ ചൊരിയുന്ന വയലാര്‍ രവി, ആ ഒരുത്തരത്തിലൂടെ പ്രശ്‌നത്തെ കക്ഷി രാഷ്ട്രീയവല്‍ക്കരിച്ചു

ഈ രണ്ടു മന്ത്രാലയങ്ങളുടെയും നിലപാടിന് പിന്നില്‍ എന്തായിരിക്കാം കാരണം എന്നതിന് പിന്നീട് ആ വിശേഷ പ്രവാസിയുടെതായി വന്ന പ്രഖ്യാപനം ഉത്തരം തരുന്നുണ്ട്. എയര്‍ ഇന്ത്യയിലെ പൈലറ്റുമാരെയും ജീവനക്കാരെയും സമരത്തിനിറക്കിയും അതിന്റെ ഷെഡ്യൂളുകള്‍ റദ്ദ് ചെയ്തും പ്രവാസി മലയാളികളുടെ വെറുപ്പും പ്രതിഷേധവും ബഹിഷ്‌കരണവും ഒക്കെ ഏറ്റുവാങ്ങാന്‍ ആരൊക്കെയാണ് ചരടുവലികള്‍ നടത്തിയത് എന്ന് കൃത്യമായും സംശയിക്കാവുന്ന സംഗതികള്‍ ആ സവിശേഷ പ്രഖ്യാപനത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു.

എയര്‍ കേരള വന്നാല്‍ അതിന്റെ പ്രധാന ഷെയര്‍ ഹോള്‍ഡേര്‍സ് ആരൊക്കെയായിരിക്കും എന്നതു ഊഹിക്കാവുന്നതല്ലേയുള്ളൂ. ഈ കുറിപ്പിന്റെ ആദ്യ വരിയില്‍ നിന്നു തന്നെ തുടങ്ങാം ഷെയര്‍ ഹോള്‍ഡേര്‍സ് ആകാന്‍ സാധ്യതയുള്ളവരുടെ ഒരേകദേശ പട്ടിക. എയര്‍ കേരളയ്ക്ക് വേണ്ടി വ്യോമയാന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനോ ഇളവുകള്‍ നേടുന്നതിനോ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും എന്നാണു ഉമ്മന്‍ ചാണ്ടി പറയുന്നത്. എയര്‍ ഇന്ത്യയുടെ നല്ല നടപ്പിനു വേണ്ടി ഇതുവരെ ഒരു സമ്മര്‍ദ്ദവും കണ്ടില്ലല്ലോ എന്ന ചോദ്യത്തോടെ മാത്രമേ സാമാന്യ പ്രവാസിക്ക് ഇതിനെ ചെവിക്കൊള്ളാന്‍ പറ്റൂ.

കോര്‍പ്പറേറ്റുകള്‍ വിചാരിച്ചാല്‍ ഭേദം വരാത്ത നിയമങ്ങള്‍ നമ്മുടെ നാട്ടിലില്ലല്ലോ. അത് കൊണ്ട് ഇക്കാര്യത്തില്‍ എളുപ്പം തീരുമാനമാകും എന്ന് പ്രതീക്ഷിക്കാം. കൊട്ടിഘോഷിക്കപ്പെടുന്ന എയര്‍ കേരള എന്ന പ്രവാസി മലയാളിയുടെ “സ്വപ്ന”വിമാനത്തിന്റെ ചിറകുകളായി മുളക്കുന്നതിനു പിന്നില്‍ നിഗൂഢമായിരിക്കുന്ന കോര്‍പ്പറേറ്റ് സ്വപ്നങ്ങളാണെന്നതില്‍ സംശയമില്ല. പൊതുമേഖലാ വിമാനക്കമ്പനി തകരുകയും തങ്ങള്‍ക്കു വന്‍ നിക്ഷേപമിറക്കി ലാഭം നേടാനുള്ള അവസരമുണ്ടാവുകയും ചെയ്യുക എന്ന വന്‍ സ്രാവുകളുടെ ഇച്ഛകള്‍ക്ക് പരവതാനി വിരിച്ച്‌കൊടുക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊരു പ്രവാസികാര്യ താല്‍പര്യവും ഇതില്‍ കാണാനാവില്ല.

മറ്റു എല്ലാറ്റിലും എന്നപോലെ പ്രവാസികളിലും വര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നും അതില്‍ വന്‍കിട ബിസിനസ്സ് ചെയ്യുന്ന സമ്പന്ന വര്‍ഗ്ഗത്തിന്റെ മാത്രം താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നതാണ് ഇന്ത്യന്‍ ഭരണകൂടത്തിനു കീഴിലെ  മറ്റെല്ലാ വകുപ്പുകളും പോലെ പ്രവാസി വകുപ്പും എന്നതില്‍ അത്ഭുതത്തിന് വകയില്ല. ഭരണകൂടത്തിന്റെയും അതിനെ നയിക്കുന്നവരുടെയും താല്പര്യങ്ങള്‍ ഇതാണെന്നിരിക്കെ പ്രവാസികള്‍ക്കിടയിലെ മുതലക്കണ്ണീര്‍ പ്രസ്ഥാനങ്ങള്‍ക്ക് എന്താണ് ചെയ്യാനുള്ളത് എന്ന ചോദ്യം അവശേഷിക്കുന്നു.

ചോദ്യം ചോദിക്കുന്നവര്‍ കമ്യൂണിസ്റ്റുകള്‍ ആണെന്ന ഉത്തരമല്ലാത്ത ഉത്തരത്തെ പ്രവാസികള്‍ക്ക് നേരെ ശകാര ഭാഷയില്‍ ചൊരിയുന്ന വയലാര്‍ രവി, ആ ഒരുത്തരത്തിലൂടെ പ്രശ്‌നത്തെ കക്ഷി രാഷ്ട്രീയവല്‍ക്കരിച്ചു. അതിന്റെ പൊതുവായ വര്‍ഗ്ഗതാല്‍പ്പര്യത്തില്‍ നിന്ന് അടര്‍ത്തി കമ്യൂണിസ്റ്റു വിരുദ്ധരായ കക്ഷി അനുഭാവികളുടെ പിന്തുണയെങ്കിലും ഉറപ്പു വരുത്താനുള്ള വ്യഗ്രതയാണ്. പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന സംഘടനകളില്‍ പല സംഘടനകളും ആരുടെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന ചോദ്യത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ട് ഈയവസരത്തില്‍.

എയര്‍ ഇന്ത്യയില്‍ നിന്ന്  നിരന്തരം പീഡനമേല്‍ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ അമര്‍ത്തിവെച്ചിരുന്ന രോഷം പെട്ടെന്നൊരു ദിവസം ചോദ്യമായും ഇടപെടലായും സമരമായുമൊക്കെ ഉയര്‍ന്ന സാഹചര്യത്തില്‍, കൊടും ഭീകരരെപ്പോലെ നിസ്സഹായരായ ആറു യാത്രക്കാരെ പ്രതിചാരി കേസ്സെടുത്തപ്പോള്‍ ഒരു പ്രവാസി കാര്യ മന്ത്രി എന്ന നിലയില്‍ ഇദ്ദേഹം എന്ത് സേവനമാണ് അവര്‍ക്ക് ചെയ്തു കൊടുത്തത് എന്ന ചോദ്യമുണ്ട്.


പ്രതിചേര്‍ക്കപ്പെട്ട യാത്രക്കാരെ സംരക്ഷിക്കാനോ പിന്തുണക്കാനോ തയ്യാറാകാതിരുന്ന പ്രവാസി കാര്യ മന്ത്രിയുടെ ഗള്‍ഫ് പര്യടനം പാതിവഴിക്ക് വെച്ച് നിര്‍ത്തി രായ്ക്കു രാമാനം തടിയെടുക്കേണ്ടി വന്ന വിധത്തില്‍ ബഹു ഭൂരിഭാഗം പ്രവാസികളും ഐക്യപ്പെട്ട സമരത്തിനു തയ്യാറായി

മൊത്തം പ്രശ്‌നങ്ങളോടും മുഖം തിരിച്ചു നില്‍ക്കുന്ന “ഉത്തരവാദപ്പെട്ട” ആളെന്നനിലയില്‍, പ്രവാസി മന്ത്രാലയത്തിന്റെ കോട്ടുമിട്ട് ഇങ്ങോട്ട് വരാനിറങ്ങുന്ന തങ്ങളുടെ നേതാവിനെ സാമാന്യ പ്രവാസി വര്‍ഗ്ഗത്തിന്റെയാകെ താല്പര്യം എന്ന നിലയില്‍ തല്‍ക്കാലം ഇങ്ങോട്ട് വരേണ്ട, ഇത്തരം പ്രശ്‌നങ്ങളോട് അനുഭാവ പൂര്‍വ്വം ഒരു ചുവടെങ്കിലും വെച്ചിട്ട് ഇങ്ങോട്ട് വന്നാല്‍ മതി, എന്നുപദേശിക്കാനുള്ള വെളിവ് ഗള്‍ഫ് നാടുകളിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ക്കില്ലാതെ പോയി.

എത്രയൊക്കെ പ്രവാസി ക്ഷേമം പറഞ്ഞാലും, എത്രയൊക്കെ കഷ്ടത അനുഭവിക്കുന്നവര്‍ കൂടെയുണ്ടെങ്കിലും വര്‍ഗ്ഗഗുണം കാണിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് കഴിയില്ലല്ലോ. അതുകൊണ്ട് അവര്‍ക്ക് ഈ ഭാരം ചുമന്നേ മതിയാവൂ.

ഈയിടെ പാസ്‌പോര്‍ട്ട് നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം ഇന്ത്യക്കകത്തു നിന്ന് പുതുതായി പാസ്്‌പോര്‍ട്ട് എടുക്കുകയോ, ഉള്ളത് പുതുക്കുകയോ ചെയ്യുമ്പോള്‍ ചെലവാകുന്ന തുകയുടെ 140 ശതമാനം മുതല്‍ 250 ശതമാനം വരെയാണ് അധികമായി  വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ ഈടാക്കുന്നത്. ഇത് പ്രവാസികളോടുള്ള കൃത്യമായ വിവേചനമാണ്. ഇപ്പോള്‍ പുതുതായി വന്ന ഉത്തരവില്‍ മാത്രമല്ല, അതിനു മുന്‍പും ഈ വിവേചനം നിലവിലുണ്ടായിരുന്നു എന്നും, പുതുക്കിയ നിരക്ക് പ്രകാരം അതിന്റെ ആഘാതം വര്‍ദ്ധിക്കുകയുണ്ടായി എന്നതുമാണ് യാഥാര്‍ത്ഥ്യം.

ഇത് ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന കുറഞ്ഞ ശമ്പളക്കാരും കഠിനമായ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ക്ക് കീഴ്‌പ്പെട്ടു നില്‍ക്കുന്നവരുമായ പ്രവാസികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അങ്ങനെ നിരവധി വിഷയങ്ങളില്‍ പ്രവാസികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും വിവേചനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയായിത്തീര്‍ന്നു കൊണ്ടുമിരിക്കുന്നു. അതിനിടയില്‍ സ്ഥിരമായി കൊള്ളാന്‍ മാത്രം വിധിക്കപ്പെട്ടവരും ഒന്നും തിരിച്ചുകൊടുക്കാന്‍ കഴിയാത്തവരും എന്ന ധാരണയെ മറികടക്കുന്ന സംഭവങ്ങളാണ് പ്രവാസികളിലെ സാമാന്യ വര്‍ഗ്ഗത്തില്‍ നിന്ന് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്.

ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുകയും തിരുവനന്തപുരെത്തു ഇറക്കുകയും ചെയ്ത  എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ചില യാത്രക്കാരുടെ ഇടപെടലുകളാണ് അതില്‍ ഒന്നാമത്തേത്. അതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ തികഞ്ഞ നിസ്സംഗത പുലര്‍ത്തുകയും വിമാനം റാഞ്ചാന്‍ ശ്രമിച്ചു എന്നാരോപിച്ച് പ്രതിചേര്‍ക്കപ്പെട്ട യാത്രക്കാരെ സംരക്ഷിക്കാനോ പിന്തുണക്കാനോ തയ്യാറാകാതിരുന്ന പ്രവാസി കാര്യ മന്ത്രിയുടെ ഗള്‍ഫ് പര്യടനം പാതിവഴിക്ക് വെച്ച് നിര്‍ത്തി രായ്ക്കു രാമാനം തടിയെടുക്കേണ്ടി വന്ന വിധത്തില്‍ ബഹു ഭൂരിഭാഗം പ്രവാസികളും ഐക്യപ്പെട്ട സമരത്തിനു തയ്യാറായി എന്നുള്ളതാണ് രണ്ടാമത്തേത്.

ഈ രണ്ടു വിഷയങ്ങള്‍ കാണിക്കുന്നത് ഇത്രയും കാലം കൊണ്ടതിനെല്ലാം പ്രവാസികള്‍ കണക്കു ചോദിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ്. ഇതൊരു തുടക്കമാണ്. സ്ഥിരമായി ചൂഷണങ്ങള്‍ക്ക് വിധേയമാവുകയും ഒന്നിനും ചോദ്യം ചെയ്യാന്‍ ആളില്ലാത്ത സ്ഥിതിയില്‍ അനാഥമായിപ്പോകുന്നതുമാണ് സാധാരണ പ്രവാസികളുടെ പ്രശ്‌നങ്ങള്‍. ചൂഷണത്തിന് ഇരയാക്കപ്പെടുന്ന മറ്റെല്ലാവരെയും പോലെ പ്രവാസികളും പ്രതിഷേധത്തിന്റെ രോഷം ഉള്ളില്‍ കൊള്ളുന്നുണ്ട്.

പക്ഷെ, ജോലി ചെയ്യുന്ന നാട്, അവിടുത്തെ പ്രതികൂല സാഹചര്യങ്ങള്‍, അവധി കാലത്തെ പ്രശ്‌നങ്ങളിലാണെങ്കില്‍ സമയക്കുറവ്,  മുതലായ പരിമിതികളാല്‍ പ്രതിഷേധത്തിന്റെ തീയും ചൂടും അവനവന്റെ  ഉള്ളില്‍ തന്നെ കേട്ടുപോകുകയോ, അല്ലെങ്കില്‍  മനപ്പൂര്‍വ്വം കെടുത്തിക്കളയുകയോ ആണ് പതിവ്. വ്യക്തികള്‍ വെവ്വേറെ അനുഭവിക്കുന്നതായാലും പ്രവാസികളെ മൊത്തത്തില്‍ ബാധിക്കുന്ന പൊതു പ്രശ്‌നമായാലും സംഘബലത്തിന്റെ ആവശ്യകത വന്നുചേരുന്നത് ഇവിടെയാണ്.

നിര്‍ഭാഗ്യവശാല്‍ അമിതമായ കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങളും സാമ്പത്തിക താല്‍പര്യങ്ങളും വ്യക്തി താല്‍പര്യങ്ങളും ഒക്കെയാണ് മിക്കവാറും സംഘടനകളെ നയിക്കുന്നത്. ജീവകാരുണ്യത്തിന്റെ ലേബലില്‍ പ്രവര്‍ത്തിക്കുന്ന പല സംഘടനകളും അവരുടെ “സാംസ്‌കാരിക” പരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും മറ്റും സ്‌പോണ്‍സര്‍മാരായി കണ്ടെത്തുന്നത് മുകളില്‍ പറഞ്ഞ വന്‍കിട സ്ഥാപന മുതലാളിമാരെയാണ് എന്നതിനാല്‍ മുകളില്‍ സൂചിപ്പിച്ച ചില കാര്യങ്ങളിലെ ഉള്ളുകള്ളികളില്‍ പലതും തിരിച്ചറിഞ്ഞാലും കണ്ടില്ലെന്നു നടിക്കുന്ന പതിവുണ്ട്.

ഇത് ഒരു വര്‍ഗ്ഗ സമൂഹം എന്ന നിലയില്‍ സാധാരണക്കാരായ പ്രവാസികളെയാണ് തങ്ങള്‍ പ്രതിനിധീകരിക്കുന്നത് എന്ന് വരികിയും ആത്യന്തികമായി കോര്‍പ്പറേറ്റുകളുടെ നിശ്ശബ്ദ സേവകരായി അത്തരം സംഘടനകള്‍ മാറുന്ന പ്രവണതയാണ് അതിലൂടെ സംഭവിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഒരു ഭാഗമായി വരുമ്പോഴും പ്രവാസികളെ ചൂഷണം ചെയ്യുന്ന മുഴുവന്‍ ഭരണകൂട- അര്‍ദ്ധ ഭരണകൂട സ്ഥാപനങ്ങള്‍ക്കും ഭരണകൂടേതര സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള സമരത്തിന്റെ കൂടി ഇടമാക്കി മാറ്റാന്‍ ഓരോ സംഘടനയും ശ്രദ്ധിക്കേണ്ടതുണ്ട്.

ആ ദിനത്തിലെ 24 മണിക്കൂര്‍ നീണ്ട എയര്‍ ഇന്ത്യ ദുരിത യാത്ര