അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നടന്ന ഭൂമി കുംഭകോണത്തില്‍ ബി.ജെ.പി സര്‍ക്കാരിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു.
ലഖ്‌നൗവില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് നേതാവിന്റെ ആരോപണം. അയോധ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഭൂമി തട്ടിപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കടക്കം പങ്കുണ്ടെന്നാണ് അഖിലേഷ് യാദവ് പറയുന്നത്.
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടത്തിയെന്നാരോപണവുമായി നേരത്തെ അഖിലേഷ് യാദവ് എത്തിയിരുന്നു. കോടിക്കണക്കിന് രൂപ വിലമതിപ്പുള്ള ഭൂമി ഇടപാടുകളെ കുറിച്ചാണ് ജൂലൈ പത്തിന് അഖിലേഷ് യാദവ് ആരോപിച്ചത്.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ വലിയ ആരോപണം തന്നെയാണ് അഖിലേഷ് യാദവ് ഉയര്‍ത്തുന്നത്.
‘ ഉദ്യോഗസ്ഥരും ബി.ജെ.പി അംഗങ്ങളും കവര്‍ച്ചയില്‍ ഏര്‍പ്പെടുന്നവരാണ്. ഇവിടെ ഒരു വികസനവും ഉണ്ടാവുന്നില്ല. അയോധ്യയിലെ കൊള്ളയുടെ യാഥാര്‍ത്ഥ്യം തുറന്നുകാട്ടിയതിന് ഞങ്ങളുടെ പാര്‍ട്ടി നേതാക്കളോട് ഞാന്‍ നന്ദി പറയുന്നു,’ അഖിലേഷ് യാദവ് വ്യക്തമാക്കി.
അയോധ്യപോലൊരു സ്ഥലത്ത് ഇത്തരത്തിലുള്ള കവര്‍ച്ച നടത്താന്‍ കഴിയുമെങ്കില്‍ ഉത്തര്‍പ്രദേശിലെ മറ്റ് ജില്ലകളില്‍ കവര്‍ച്ച നടത്താന്‍ ഇവര്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വര്‍ദിച്ചപ്പോള്‍ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കപ്പെട്ടുവെന്നും യാദവ് പറഞ്ഞു. സര്‍ക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും തങ്ങള്‍ക്ക് കിട്ടിയ ഭൂമി രജിസ്ട്രാര്‍ ചെയ്ത പകര്‍പ്പുകള്‍ വഴി ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
റെയില്‍വേ അലൈന്‍മെന്റുകള്‍, പ്രതിരോധ ഭൂമികള്‍, തുടങ്ങി കര്‍ഷകരുടെയും സര്‍ക്കാരിന്റെയും ദരിദ്രരുടെയും ഭൂമി അഴിമതി കച്ചവടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു. കാലങ്ങളായി അവിടെ താമസിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന പ്രദേശവാസികളില്‍ നിന്നും ഭൂമി പിടിച്ചെടുക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്നും യാദവ് പറഞ്ഞു.
ബി.ജെ.പിക്ക് അഴിമതിക്കെതിരായ സീറോ ടോളറന്‍സ് സമീപനം ഇതിലുടെയാണോ ഉയര്‍ത്തിക്കാട്ടുന്നതെന്നും സാധാരണക്കാരുടെ വികസനത്തിന് പകരം ബി.ജെ.പി അനുഭാവികള്‍ വളരുന്നതാണ് ഇവരുടെ വികസനമെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി നേതാക്കളോട് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി വികസനങ്ങള്‍ക്കെതിരല്ലെന്നും അയോധ്യയില്‍ അഴിമതി കൂടാതെയുള്ള വികസനമാണ് താനും പാര്‍ട്ടിയും ലക്ഷ്യമിടുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷം സമാജ്‌വാദി പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
Content Highlight: government and bureaucrats complicit in uttar pradesh corruption: AKHILESH YADAV