| Sunday, 2nd December 2018, 10:02 pm

ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മേല്‍നോട്ടത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നടപടി ഭരണഘടനാവിരുദ്ധമെന്ന് കാണിച്ചാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

വിധി നടപ്പിലാക്കാന്‍ ഹൈക്കോടതിയല്ല മേല്‍വഹിക്കേണ്ടതെന്നാണ് സര്‍ക്കാര്‍ വാദം. ആവശ്യമെങ്കില്‍ സുപ്രീംകോടതി മേല്‍നോട്ടസമിതിയെ നിയോഗിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന 52 ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.

ശബരിമലയിലെ മേല്‍നോട്ടത്തിന് മൂന്നംഗ സമിതിയെ ഹൈക്കോടതി നിയോഗിച്ചതാണ് സര്‍ക്കാരിന്റെ ഏറെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഏത് തീരുമാനം എടുക്കുന്നതിനും പൂര്‍ണ അധികാരം സമിതിക്കുണ്ടെന്നാണ് കോടതി വിധിയില്‍ പറയുന്നത്. ഈ തീരുമാനം ഭരണ ഘടനാ വിരുദ്ധമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.

സമിതിയെ നിയമിക്കുന്നതിന് മുമ്പ് സര്‍ക്കാരുമായി കൂടിയാലോചിച്ചില്ല. ഇത് ഭരണപരമായ പ്രതിസന്ധി ഉണ്ടാക്കും. മാത്രമല്ല, സുപ്രീംകോടതി വിധി എങ്ങിനെ നടപ്പാക്കുന്നതിനെ കുറിച്ച് ഹൈക്കോടതി വിധിയില്‍ പരാമര്‍ശവുമില്ല. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത ഹൈക്കോടതിയില്‍ 45 ലേറെ ഹര്‍ജികളുണ്ട്. പല ഹര്‍ജികള്‍ക്കും പിന്നില്‍ കോടതി വിധി നടപ്പാക്കാതിരിക്കാനള്ള ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടെന്നുമാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.

ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതി മറ്റന്നാള്‍ ശബരിമല സന്ദര്‍ശിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. അതേസമയം, നിരോധനാജ്ഞ ഉള്‍പ്പെടെയുളള ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഇടപെടില്ലെന്ന് നിരീക്ഷക സമിതി അറിയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more