തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ സംഘം താലൂക്കുകളില്‍ നേരിട്ടെത്തും. സംസ്ഥാന സര്‍ക്കാരിന്റെ താലൂക്ക് തല അദാലത്തുകള്‍ നാളെ (തിങ്കളാഴ്ച്ച) ആരംഭിക്കും.
സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാര്‍ നേരിട്ടെത്തി ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കാന്‍ കഴിയുന്ന പരാതികള്‍ തത്സമയം തന്നെ തീര്‍പ്പാക്കുകയുമാണ് താലൂക്ക് അദാലത്തുകൊണ്ട് ലക്ഷ്യം വെക്കുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന താലൂക്ക് തല അദാലത്തുകള്‍ ജനുവരി 13 വരെ തുടരും.
https://www.karuthal.kerala.gov.in എന്ന സൈറ്റ് മുഖേനയാണ് പൊതുജനങ്ങള്‍ പരാതികള്‍ സമര്‍പ്പിക്കേണ്ടത്. പരാതിക്കാര്‍ക്ക് വെബ്‌സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെന്റര്‍ വഴിയോ താലൂക്ക് ഓഫീസിലെ ഹെല്‍പ്പ് ഡെസ്‌ക് വഴിയോ പരാതികള്‍ സമര്‍പ്പിക്കാം. കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളില്‍ ഒരുക്കിയ ഹെല്‍പ്പ് ഡെസ്‌ക് മുഖേനയും പരാതി നല്‍കാവുന്നതാണ്.
പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികള്‍ ജില്ലാ കളക്ട്രേറ്റുകളില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോര്‍ട്ടല്‍ വഴി അയക്കുന്നതാണ്. പരാതികള്‍ പരിശോധിച്ച് വകുപ്പുകള്‍ നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം അതേ പോര്‍ട്ടല്‍ വഴി തിരികെ നല്‍കുകയും ചെയ്യും.
അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയ്ക്ക് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. അദാലത്ത് നടത്തുന്നതിനുള്ള വിശദമായ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഇതിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ പല ഘട്ടങ്ങളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 2023 ഏപ്രില്‍-മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സമാനമായ പരിപാടി നടത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Content Highlight: Government Adalat for Public Grievances; A team of ministers will visit the taluks directly