ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പത്ര പരസ്യത്തില്‍ നിന്നും സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ ഒഴിവാക്കി. പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭരണഘടനയുടെ ആമുഖ ചിത്രത്തിലാണ് മേല്‍പറഞ്ഞ വാക്കുകള്‍ ഒഴിവാക്കി കൊണ്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളെ തന്നെ ഒഴിവാക്കി കൊണ്ട് പുറത്തിറങ്ങിയ പരസ്യത്തിനെതിരെ കനത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളിലടക്കം കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്നത്. നേരത്തെ 1976ല്‍ 42ാം ഭരണഘടനാ ഭേതഗതിയുടെ ഭാഗമായിട്ടായിരുന്നു ഭരണഘടനയില്‍ ഈ രണ്ട് വാക്കുകള്‍ ഉള്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ സോഷ്യലിസം, സെക്യുലരിസം എന്നീ വാക്കുകള്‍ ഇല്ലായിരുന്നുവെന്നും ഇതിനാലാണ് ഇവ ഒഴിവാക്കിയതെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം
അതേ സമയം ബി.ജെ.പി സര്‍ക്കാര്‍ ഈ രണ്ട് വാക്കുകള്‍ക്ക് ഒഴിവാക്കിയത് തങ്ങളുടെ സ്വന്തം സംഭാവനയായ “കമ്മ്യൂണല്‍”, “കോര്‍പറേറ്റ്” എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.
ഇന്ത്യയുടെ യഥാര്‍ത്ഥ ഭരണഘടനയില്‍ “സോഷ്യലിസ്റ്റ്, മതനിരപേക്ഷ റിപ്പബ്ലിക്ക്” എന്നീ വാക്കുകള്‍ ഇല്ലായിരുന്നുവെന്ന് ബി.ജെ.പി എം.പി എസ്.എസ് അഹ്‌ലുവാലിയ നേരത്തെ പാര്‍ലമെന്റില്‍ പ്രസംഗിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.