| Monday, 1st January 2018, 10:39 pm

ടാസ്‌ക് പൂര്‍ത്തിയാക്കുന്നില്ല; നഷ്ടം നികത്താന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ സ്ഥിരമായി ജോലിക്കെത്താത്ത ജീവനക്കാരെ പിരിച്ചു വിടുമെന്ന് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്ലാന്റേഷന് കോര്‍പ്പറേഷനില്‍ സ്ഥിരമായി ജോലിക്കെത്താത്ത ജീവനക്കാരെ പിരിച്ചു വിടുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. ഇത്തരക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയെ ചുമതലപ്പെടുത്തി. സ്ഥിരമായി ജോലിക്കെത്താത്തവര്‍ക്കെതിരെ നിയമ നടപടിക്കൊനൊരുങ്ങുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി ജോലിക്കെത്താത്ത തൊഴിലാളികള്‍ക്ക് എതിരെയാണ് കര്‍ശന നടപടി ഉണ്ടാവുക. കേരളത്തിലെ 9 ജില്ലകളിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടങ്ങളിലായി 75 ശതമാനത്തോളം പേര്‍ സ്ഥിരമായി ജോലിക്കു എത്തുന്നില്ല എന്നാണ് പ്രാഥമിക കണക്കുകള്‍.

തൊഴിലാളികള്‍ക്ക് നല്‍കുന്ന ടാസ്‌ക് പലരും പൂര്‍ത്തീകരിക്കാത്തത് കാരണം കമ്പനിക്ക് വലിയ നഷ്ടം ഉണ്ടാകുന്നതായും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.സ് സുനില്‍ കുമാര്‍ പറഞ്ഞു. തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി.

സ്ഥിരമായി ജോലിക്കെത്താത്തവരെ പിരിച്ചു വിടുന്നതിനൊപ്പം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. 520 ഓളം വരുന്ന കമ്പനിയിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും ഇതിന്റെ സാധുത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എം.ഡിയ്ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more