ന്യൂദല്‍ഹി: ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ എന്ന വിമുക്തഭടന്മാരുടെ കാലങ്ങളായുള്ള ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് ഇക്കാര്യ അംഗീകരിച്ചതായി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ 84 ദിവസങ്ങളായി ന്യൂദല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ ഈ ആവശ്യവുമായി വിമുക്ത ഭടന്മാരുടെ സമരസമിതി നിരാഹാരം നടത്തി വരികയായിരുന്നു. 2014 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തിലാകും പദ്ധതി നടപ്പാക്കുക.
ഇത് സമരത്തിന്റെ വിജയമാണെന്നാണ് വിമുക്ത ഭടന്മാര്‍ പ്രതികരിച്ചത്. അതേസമയം സമരസമിതി മുന്നോട്ടുവച്ച പല പ്രധാന ആവശ്യങ്ങളും തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. സ്വയം വിരമിച്ച ഭടന്മാരെ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാനാകില്ല എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഒപ്പം പെന്‍ഷന്‍ കമ്മീഷനായി അഞ്ചംഗ കമ്മിറ്റിയെ നിയമിക്കണം എന്ന ആവശ്യവും സര്‍ക്കാര്‍ നിരാകരിച്ചു. പകരം ഒരു റിട്ടയേഡ് ചീഫ് ജസ്റ്റിസ് മാത്രമുള്ള ഏകാംഗ കമ്മീഷനെ നിയമിക്കാം എന്നതാണ് സര്‍ക്കാര്‍ തീരുമാനം. സമരസമിതിയുടെ മറ്റൊരു ആവശ്യമായ രണ്ട് വര്‍ഷം കൂടുമ്പോഴുള്ള പെന്‍ഷന്‍ നവീകരണവും സര്‍ക്കാര്‍ തള്ളി. 5 വര്‍ഷം കൂടുമ്പോഴായിരിക്കും നവീകരണമുണ്ടാകുക.
ഇക്കാര്യങ്ങളൊന്നും അംഗീകരിക്കാത്തതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതായും സമരസമിതിയുടെ വക്താക്കള്‍ പറഞ്ഞു. അതിനാല്‍ വീണ്ടും സമരവുമായി മുന്നോട്ടുപോകണോ എന്ന കാര്യം ഇന്നു വൈകുന്നേത്തോടു കൂടി തീരുമാനിക്കും എന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്.
8000 മുതല്‍ 10000 കോടി വരെ അധികച്ചെലവാണ് സര്‍ക്കാര്‍ പദ്ധതിയുടെ നടത്തിപ്പിനായി പ്രതീക്ഷിക്കുന്നത്. 40 വര്‍ഷമായുള്ള വിമുക്തഭടന്മാരുടെ ആവശ്യം കഴിഞ്ഞ 84 ദിവസമായി നടന്നുവന്ന ശക്തമായ നിരാഹാരസമരത്തിലേക്ക് വഴിമാറിയപ്പോഴാണ് സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായത്. ബിഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരുന്നതും ഇക്കാര്യത്തില്‍ പെട്ടെന്നു തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതായാണ് സൂചന.