|

പിഴവുപറ്റിയത് പേരിലെ സാമ്യം കാരണം; പി.എഫ്.ഐ ജപ്തിയിൽ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയ സംഭവത്തിൽ പിഴവുപറ്റിയെന്ന് സമ്മതിച്ച് സർക്കാർ. പി.എഫ്.ഐ നടത്തിയ ഹർത്താലിലുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരമായി നേതാക്കളുടെ സ്വത്തുവകകൾ കണ്ടുകെട്ടിയിരുന്നു. എന്നാൽ പി.എഫ്.ഐയുമായി ബന്ധമില്ലാത്തവരുടെ പേരുകളും പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.

ഇതോടെ സർക്കാരിനെതിരെ പരാതികളും ശക്തമായ പശ്ചാത്തലത്തിലാണ് തിരക്കിട്ടുള്ള നടപടിയിൽ തെറ്റുപറ്റിയെന്ന വിശദീകരണവുമായി സർക്കാർ രം​ഗത്തെത്തിയിരിക്കുന്നത്. സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമർശം.

സംഭവത്തിൽ തിരുത്തൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും 209 പേരുടെ പട്ടിക പുതുക്കി ക്രമീകരിച്ചെന്നും സർക്കാരിന്റെ വിശദീകരണത്തിൽ വ്യക്തമാക്കുന്നു.

പേരിലെ സാമ്യമാണ് പിഴവിന് കാരണമായത്. തെറ്റ് ശ്രദ്ധയിൽപ്പെടതോടെ തിരുത്തൽ നടപടി ആരംഭിച്ചതായും കോടതിയിൽ ആഭ്യന്തര സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി.

സം​ഘ​ട​ന​യു​ടെ​യും പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും സ്വ​ത്തു​ക്ക​ൾ​ ക​ണ്ടു​കെ​ട്ടി​യതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിഹരിക്കാൻ ഹൈക്കോടതി നേരത്തെ സർക്കാരിന് നിർദേശം നൽകിയിരുന്നു. പരാതികൾ പരിഹരിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി അറിയിച്ചത്.

അതേസമയം ആരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തതെന്നും പോപുലർ ഫ്രണ്ടുമായുള്ള ഇവരുടെ ബന്ധം എന്നീ കാര്യങ്ങൾ പട്ടിക തിരിച്ച് വിശദമാക്കുന്ന സത്യവാങ്മൂലമാണ് സർക്കാർ കോടതിക്ക് കൈമാറിയിരിക്കുന്നത്.

നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ സംസ്ഥാനത്താകെയുണ്ടായത് 5.20 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാണെന്നാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തിൽ നോ​ട്ടീ​സ് ​പോ​ലും ന​ൽകാ​തെ ജ​പ്തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ഹൈ​ക്കോ​ട​തി നി​ർദേ​ശി​ച്ചി​രു​ന്നു. ആ ​നി​ർ​ദേ​ശ​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ർ ജ​പ്തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Content Highlight: Government accepted that they have made mistake in confiscation of PFI

Latest Stories