കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ നടപടിക്ക് ഗവര്‍ണറുടെ ശുപാര്‍ശ
Daily News
കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ നടപടിക്ക് ഗവര്‍ണറുടെ ശുപാര്‍ശ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th November 2014, 1:49 pm

kerala-university തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ജ്യോതികുമാര്‍ ചാമക്കാലയ്‌ക്കെതിരെ നടപടി വേണമെന്ന് ഗവര്‍ണര്‍. സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ എന്‍. വീരമണികണ്ഠനെ കയ്യേറ്റം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കയ്യേറ്റം സംബന്ധിച്ച് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കേരള സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ തന്നെ ആസൂത്രിതമായി ഉപദ്രവിക്കുന്നെന്നാരോപിച്ച് വീരമണികണ്ഠന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ജാതി വിവേചനത്തിന്റെ ഇരയാണ് താന്‍ എന്നായിരുന്നു പി.വി.സിയുടെ ആരോപണം.

ഫേസ്ബുക്കിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ബി.എസ്.ജ്യോതികുമാര്‍ തന്നെ താറടിക്കാന്‍ ശ്രമിച്ചു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തില്‍ മ്ലേച്ഛമായ ഭാഷയില്‍ സംസാരിക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്‌തെന്നും പരാതിപ്പെട്ടിരുന്നു.

തന്നെ ശാരീരികമായി വകവരുത്താണ് വീട് ആക്രമിച്ചത്. ആക്രമണം നടന്ന് ഇത്രയും ദിവസമായിട്ടും പൊലീസ് പ്രതികളെ പിടികൂടാത്തതിനാല്‍ താന്‍ സുരക്ഷിതനല്ല. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരെ അതിക്രമങ്ങളില്‍ നിന്ന് തടയാനുള്ള 1989ലെ കേന്ദ്രനിയമത്തിന്റെ പരിരക്ഷയുണ്ടായിട്ടും പട്ടികജാതിക്കാരനായ തനിക്കെതിരെ ആക്രമണം നടത്തിയവര്‍ക്കെതിരേ പൊലീസ് നടപടിയെടുത്തില്ലെന്നും വീരമണികണ്ഠന്‍ ആരോപിച്ചിരുന്നു.

അതേസമയം എന്‍. വീരമണികണ്ഠനെ ആക്രമിച്ചതില്‍ ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് പങ്കുണ്ടെന്ന് സി.സി.ടി.വി.ദൃശ്യങ്ങളിലുടെ വ്യക്തമായി. പ്രൊ വിസിയെ കൈകാര്യം ചെയ്തവരുടെ കൂടെ ജ്യോതികുമാറും ഉണ്ടായിരുന്നു.