തിരുവനന്തപുരം: കാസര്‍ഗോഡ് ഭൂമിദാനക്കേസില്‍ നിന്ന് പ്രതിപക്ഷ നോതാവ് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കാന്‍ ഇടപെട്ടതിനെ തുടര്‍ന്ന് വിവാദത്തിലായ മുന്‍ ഡി.ഐ.ജി കെ.നടരാജനെ വിവരാവകാശ കമ്മിഷണര്‍ സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്തു.[]
നടരാജനെ തല്‍സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് ഉത്തരവ് പുറപ്പെടുവിച്ചു. നടരാജനെതിരെ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ അന്വേഷണത്തിനും ശുപാര്‍ശയുണ്ട്.
നടരാജനെ വിവരാവകാശ കമ്മിഷണര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണ്. സുപ്രീംകോടതി നിയോഗിക്കുന്ന രജിസ്ട്രാര്‍ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണം. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി.
നടരാജനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഫയല്‍ കഴിഞ്ഞദിവസമാണ് ഗവര്‍ണര്‍ക്ക് പ്രത്യേക ദൂതന്‍ വശം ബാംഗ്ലൂരില്‍ എത്തിച്ചത്.
ബന്ധുവിന് കാസര്‍കോട്ട് 2.33 ഏക്കര്‍ ഭൂമി ദാനം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ വി.എസ്. അച്യുതാനന്ദന്‍ ഒന്നാം പ്രതിയാണ്. അച്യുതാനന്ദനെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈഎസ്പി: വി.ജി. കുഞ്ഞന് മേല്‍ നടരാജന്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു.
ഭൂമിദാനക്കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുമ്പോള്‍ വി.എസ് അച്യുതാനന്ദനെ കുറ്റവിമുക്തനാക്കണമെന്നായിരുന്നു നടരാജന്‍ അന്വേഷണ ഉദ്യോഗ്സ്ഥനോട് ആവശ്യപ്പെട്ടത്. വി.എസ്. സ്ഥിരം അഴിമതിക്കാരനല്ലെന്നും ആ പരിഗണന നല്‍കി ആദ്യ റിപ്പോര്‍ട്ടില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നും ഡി.വൈ.എസ്.പി. കുഞ്ഞനോട് കെ. നടരാജന്‍ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 19ന് വിളിച്ചപ്പോള്‍ ഡി.വൈ.എസ്.പി കുഞ്ഞന്‍ ഫോണ്‍ സംഭാഷണം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ആരുടെയും നിര്‍ദേശപ്രകാരമല്ല താന്‍ വിളിക്കുന്നതെന്നും വി.എസ് അഴിമതിക്കാരനല്ലെന്ന പരിഗണന നല്‍കണമെന്നും നടരാജന്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം 31 ാം തിയ്യതിയാണ് കെ.നടരാജനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് എ.ഡി.ജി.പി ആര്‍.ശ്രീലേഖ സമര്‍പ്പിച്ചത്.
ഭൂമിദാനക്കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി വി.ജി.കുഞ്ഞനെ കെ.നടരാജന്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവ് കിട്ടിയതായി എ.ഡി.ജി.പി ആര്‍.ശ്രീലേഖയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.