| Thursday, 9th February 2017, 8:13 am

പനീര്‍ശെല്‍വത്തിനു പിന്തുണയുമായി തമിഴ്‌നാട് ഗവര്‍ണര്‍: ഗവര്‍ണര്‍ക്കെതിരെ പരാതിയുമായി എം.പിമാര്‍ രാഷ്ട്രപതിയെക്കാണും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തമിഴ്‌നാട്ടിലെ മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തെ പിന്തുണച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. മുംബൈയിലെ പൊതുചടങ്ങിലാണ് ഗവര്‍ണര്‍ പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. പനീര്‍ശെല്‍വം യോഗ്യതയില്ലാത്തവനല്ല. അദ്ദേഹത്തിന് രാഷ്ട്രീയ പരിചയം ഉണ്ട്. ഇപ്പോഴത്തെ സാഹചര്യം നേരിടാന്‍ പനീര്‍ശെല്‍വത്തിന് കഴിയുമെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്.


Also read എ.ഐ.എ.ഡി.എം.കെ പ്രതിസന്ധിക്ക് പിന്നില്‍ ബി.ജെ.പി: സുബ്രഹ്മണ്യന്‍ സ്വാമി


ഇന്ന് ചെന്നൈയിലെത്താനിരിക്കെയാണ് ഗവര്‍ണര്‍ നിര്‍ണായകമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നുത്. നേരത്തെ ഗവര്‍ണര്‍ക്ക് പനീര്‍ശെല്‍വം രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാജി പിന്‍വലിക്കുമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ശശികല നിര്‍ബന്ധിച്ചാണ് തന്നെ രാജിവെപ്പിച്ചതെന്നും പനീര്‍ശെല്‍വം ആരോപണം ഉന്നയിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ പനീര്‍ശെല്‍വത്തിനുണ്ടെന്നും ബി.ജെ.പിയുടെ പിന്‍ബലത്തിലാണ് ശെല്‍വം ഇപ്പോള്‍ ശശികലയ്‌ക്കെതിരെ രംഗത്ത് എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് ബലമേകുന്നതാണ് ഗവര്‍ണറുടെ വാക്കുകള്‍.

ഗവര്‍ണര്‍ തന്റെ സത്യപ്രതിജ്ഞ വൈകിക്കുകയാണെന്ന പരാതി ശശികല ഉയര്‍ത്തിക്കഴിഞ്ഞു. ഇന്ന് ഈ വിഷയം ഉന്നയിച്ച് എ.ഐ.ഡി.എം.കെ എം.പിമാര്‍ രാഷ്ട്പതിയെ കാണാനിരിക്കുകയാണ്. 129 എം.എല്‍.എമാരാണ് ശശികലയ്‌ക്കൊപ്പം ഉള്ളത്. പാര്‍ട്ടി നിയമസഭാക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് തയ്യാറാകുന്നില്ലെന്ന പരാതിയുമായി ദല്‍ഹിയിലെത്തിയത്.

എ.ഐ.ഡി.എം.കെയില്‍ നിലവില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും നേരത്തെ ശശികല വ്യക്തമാക്കിയിരുന്നു. പനീര്‍ശെല്‍വത്തിന് പിന്നില്‍ ഡി.എം.കെയാണെന്നും ശശികലാ വിഭാഗം ആരോപിക്കുന്നു. നിലവില്‍ പനീര്‍ ശെല്‍വത്തിനും നിരവധി എം.എല്‍.എ മാരുടെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ശെല്‍വത്തെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും ഡി.എം.കെയും തീരുമാനിച്ചിട്ടുണ്ടെന്നും അറിയുന്നു അങ്ങിനെയാണെങ്കില്‍ നിയമസഭയില്‍ പനീര്‍ശെല്‍വത്തിന് ഭൂരിപക്ഷം തെളിയിക്കാനാകും.

We use cookies to give you the best possible experience. Learn more