എം.ജി വിസിയോട് ഗവര്‍ണര്‍ നേരിട്ട് വിശദീകരണം തേടി
Kerala
എം.ജി വിസിയോട് ഗവര്‍ണര്‍ നേരിട്ട് വിശദീകരണം തേടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th January 2014, 3:33 pm

[]കൊച്ചി: ബയോഡാറ്റയില്‍ കൃത്രിമം കാണിച്ച വിഷയവുമായി ബന്ധപ്പെട്ട് എം.ജി സര്‍വകലാശാല വിസി ഡോ. എ. വി ജോര്‍ജിനോട് ഗവര്‍ണര്‍ നേരിട്ട് വിശദീകരണം തേടി.

ഇന്ന് രാവിലെ ഗവര്‍ണറുടെ ഓഫീസിലെത്തിയാണ് വി.സി ഗവര്‍ണറെ നേരിട്ട് കണ്ടത്. പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ വി.എസിക്ക് നേരത്തെ തന്നെ നോട്ടീസ് അയച്ചിരുന്നു.

ജോര്‍ജ് സമര്‍പ്പിച്ച ബയോഡാറ്റ പ്രകാരം കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ എന്‍വയോണ്‍മെന്റ് സയന്‍സ് മേധാവിയെന്നാണ് കാണിച്ചിരുന്നത്. ഇതുപ്രകാരമാണ് ജോര്‍ജ്ജിനെ സെര്‍ച്ച് കമ്മറ്റി വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്.

എന്നാല്‍ വെറും മൂന്നരമാസക്കാലം മാത്രം ഡെപ്യൂട്ടേഷനില്‍ കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ച ജോര്‍ജ് നവംബര്‍ 30 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ തന്നെ എത്തുകയായിരുന്നു.

എന്നാല്‍ ഡിസംബര്‍ 26 ന് ഒപ്പിട്ടു നല്‍കിയ ബയോഡാറ്റയില്‍ കേന്ദ്രസര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് അദ്ദേഹം രേഖപ്പെടുത്തിയത്.

ക്രൈസ്റ്റ് കോളേജിലെ ജിയോളജി സെര്‍ച്ച് ഡിപ്പാര്‍ട്‌മെന്റില്‍ 30 വര്‍ഷക്കാലം പ്രവര്‍ത്തിച്ചുവെന്നായിരുന്നു ഇദ്ദേഹം അവകാശപ്പെട്ടത്. എന്നാല്‍ ഈ കോളേജില്‍ പ്രസ്തുവിഭാഗത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ അനുവദിച്ചിട്ട് തന്നെ 10 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ എന്നതാണ് സത്യം.

ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ അനുവാദമില്ലാതെ ജീവനക്കാരെ നിയമച്ചതിന് വൈസ് ചാന്‍സിലര്‍ ഡോ. എ. വി ജോര്‍ജിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍വ്വകലാശാലയില്‍ 56 തസ്തികകള്‍ സൃഷ്ടിക്കുകയും സ്വന്തം ശമ്പളം നിശ്ചയിക്കുകയും ചെയ്തതിന്റെ കാരണം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു അന്ന് നോട്ടീസ് നല്‍കിയത്.

സര്‍വ്വകലാശാലയുടെ ഓഫ് ക്യാമ്പസുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗവര്‍ണര്‍ വൈസ് ചാന്‍സിലറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.