മാധ്യമങ്ങള്‍ക്ക് കോടതിമുറികളില്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരുക്കണമെന്ന് ഗവര്‍ണര്‍
Daily News
മാധ്യമങ്ങള്‍ക്ക് കോടതിമുറികളില്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരുക്കണമെന്ന് ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th December 2016, 2:45 pm

governor-of-kerala-p-sathasivam


പല സുപ്രധാന കേസുകളെ കുറിച്ച് ജനങ്ങള്‍ക്ക് ഇപ്പോള്‍ അറിയാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. 


കൊച്ചി: സംസ്ഥാനത്തെ കോടതികളില്‍ മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. മാധ്യമങ്ങള്‍ക്ക് കോടതിമുറികളില്‍ കടന്നു ചെന്ന് റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പല സുപ്രധാന കേസുകളെ കുറിച്ച് ജനങ്ങള്‍ക്ക് ഇപ്പോള്‍ അറിയാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും പ്രശ്‌നപരിഹാരത്തിനായി താന്‍ ഇടപെടാമെന്നും ഗവര്‍ണര്‍ ഉറപ്പു നല്‍കി.

എറണാകുളം പ്രസ് ക്ലബിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. കോടതികളിലെ മാധ്യമവിലക്ക് നീക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു, ഇത് പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ മുന്‍പും ആവശ്യപ്പെട്ടിരുന്നു.
അഭിഭാഷക മാധ്യമ തര്‍ക്കത്തിനു പിന്നാലെ കോടതി റിപ്പോര്‍ട്ടിങ്ങിന് പ്രത്യേക മാനദണ്ഡങ്ങള്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയിരുന്നു. നിയമബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് കോടതി റിപ്പോര്‍ട്ടിങ് സാധിക്കുക. ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ടാണ് ചട്ടം രൂപീകരിച്ചത്. കോടതിയില്‍ നിന്നുള്ള അക്രെഡിറ്റേഷന്‍ ലഭിക്കാന്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.