ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഗവര്‍ണറെ കാണാനുള്ള അനുമതി നിഷേധിച്ചു. ഗവര്‍ണറുടെ വസതിക്ക് മുന്നിലെത്തിയ ജി.പരമേശ്വര രാജ് ഭവനില്‍ പ്രവേശിക്കാന്‍ കാത്ത് നില്‍ക്കുകയും അനുമതി കിട്ടാത്തതിനാല്‍ ഗേറ്റിന് മുന്നില്‍ വെച്ച് മടങ്ങിപ്പോവുകയും ചെയ്തു. അന്തിമ ഫലം വരുന്നത് വരെ കാത്തിരിക്കാന്‍ കോണ്‍ഗ്രസിനോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം.
അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവര്‍ണറെ കാണാനായി രാജ് ഭവനനിലേക്ക് തിരിച്ചിട്ടുണ്ട്. ജെ.ഡി.എസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിന് പിന്നാലെയാണ് ഗവര്‍ണറുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നത്.
ജെ.ഡി.എസിന്റെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിനായിരിക്കാം. 14 മന്ത്രിമാര്‍ ജെ.ഡി.എസില്‍ നിന്നും ബാക്കി മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും ആയിരിക്കും.
അതേസമയം പുറത്ത് നിന്നുള്ള പിന്തുണ വേണ്ടെന്നും ഒന്നിച്ചുഭരിക്കാമെന്നുമാണ് കോണ്‍ഗ്രസിനോട് ദേവഗൗഡ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസും കോണ്‍ഗ്രസും ഒന്നിച്ചുമത്സരിക്കുമെന്നാണ് അറിയുന്നത്. സര്‍ക്കാരിനുള്ള അവകാശവാദം ഗവര്‍ണര്‍ക്ക് എഴുതിനല്‍കുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
അതേസമയം വിലപേശലിന് ഒരുങ്ങി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദയും പ്രകാശ് ജാവേദ്ക്കറും കര്‍ണാടകയ്ക്ക് തിരിച്ചിട്ടുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ഇരുവരും കര്‍ണാടകയിലെത്തുന്നതത്.
ജെ.ഡി.എസിന് പിന്തുണ അറിയിച്ചാണ് ബി.ജെ.പിയും രംഗത്തെത്തിയിരിക്കന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാര്‍ത്താ സമ്മേളനം മാറ്റിവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയും ഉടന്‍ മാധ്യമങ്ങളെ കാണില്ല.
ദല്‍ഹി യാത്ര യെദ്യൂരപ്പയും ഒഴിവാക്കിയിട്ടുണ്ട്. ജെ.ഡി.എസുമായി ചര്‍ച്ചയ്ക്ക് താനില്ലെന്ന് യെദിയൂരപ്പ വ്യക്തമാക്കിക്കഴിഞ്ഞു.