കോട്ടയം: പ്രോ വൈസി ചാന്‍സലര്‍ ഷീന ഷുക്കൂറിന്റെ വിവാദ പ്രസംഗത്തെ കുറിച്ച് എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‌സലറോട് ഗവര്‍ണര്‍ പി സദാശിവം വിശദീകരണം ചോദിച്ചു. ഷീന നടത്തിയ വിദേശയാത്രയെ കുറിച്ചും പ്രസംഗത്തെ കുറിച്ചും അന്വേഷിച്ച് രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ മെയില്‍ ദുബൈില്‍ വച്ച് നടന്ന കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ ഷീന നടത്തിയ പ്രസംഗമാണ് വിവാദമായത്. മുസ്ലീം ലീഗിന്റെ ശക്തമായ പിന്തുണയുള്ളത് കൊണ്ടൊണ് തനിക്കും തന്റെ ഭര്‍ത്താവിനും സ്ഥാനമാനങ്ങള്‍ ലഭിച്ചതെന്നായിരുന്നു ഷീനയുടെ പ്രസംഗം. ഇതിന്റെ യൂട്യൂബില്‍ പ്രചരിച്ചതോടെ വിവാദമാവുകയും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കുകയുമായിരുന്നു.
മേയ് 22ന് തിരികെയെത്തണമെന്ന വ്യവസ്ഥയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രസംഗിക്കാനെന്ന പേരില്‍ ദുബൈ യാത്രക്ക് ഷീന അനുമതി നേടിയത്. എന്നാല്‍ 22ന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിന് ഷീന എത്തിയില്ലെന്ന് മാത്രമല്ല അനുവദിച്ച വിഷയങ്ങള്‍ക്കപ്പുറം വിവാദകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.
ഷീനയുടെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായ വിലയിരുത്തലിനെ തുടര്‍ന്നാണ് സംഭവത്തില്‍ ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് വിശദീകരണം ആരാഞ്ഞിരിക്കുന്നത്. അതേസമയം കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് ഷീന ഷുക്കൂറിനെ മുസ്‌ലീം ലീഗ് പരിഗണിച്ച് വരികയായിരുന്നു.