കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര കോണ്‍ഗ്രസ് പരിപാടിയ്ക്കിടെയുണ്ടായ പ്രതിഷേധ സംഭവത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറെ വിളിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
പരിപാടിയുടെ മുഴുവന്‍ വീഡിയോ ദൃശ്യങ്ങളുമായി കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്താനാണ് വി.സിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.
പരിപാടിക്കിടെ വിവാദപരാമര്‍ശം നടത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധം അക്രമാസക്തമാകുന്നത് അംഗീകരിക്കാനാവില്ല. ജനകീയ പ്രതിഷേധങ്ങളോട് തോറ്റുകൊടുത്താല്‍ വിപരീത ഫലമുണ്ടാകും. ചരിത്ര കോണ്‍ഗ്രസില്‍ തികഞ്ഞ അസഹിഷ്ണുതയാണ് പ്രകടിപ്പിച്ചത്. ഭരണഘടന അക്രമിക്കപ്പെട്ടെന്ന് മറ്റ് അതിഥികള്‍ കുറ്റപ്പെടുത്തിയത് തനിക്ക് അംഗീകരിക്കാനായില്ല. തന്റെ പ്രസംഗം തടസ്സപ്പെടുത്തിയവരോട് ദേഷ്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച നാല് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമിഅ മില്ലിയ, അലിഗഡ്, ജെ.എന്‍.യു എന്നീ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്.
കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗവര്‍ണര്‍ സംസാരിക്കവേയാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ചരിത്ര കോണ്‍ഗ്രസിലെ പ്രതിനിധികള്‍ പ്രതിഷേധിച്ചത്.
ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആളാണ് താനെന്നും ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രശ്‌നമാണെന്നും അതില്‍ ഇടപെടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
എന്നാല്‍ തന്റെ പ്രസംഗത്തില്‍ ഉടനീളം ഇത് രാഷ്ട്രീയ പ്രശ്‌നമാക്കി ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം പ്രതിഷേധക്കാരെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു തുടര്‍ന്ന് സംസാരിച്ചത്.
ഇതോടെ വേദിയുടെ മുന്‍നിരയില്‍ ഇരിക്കുകയായിരുന്ന ജാമിഅ മില്ലിയ സര്‍വകലാശാലയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ” റിജക്ട് സി.എ.എ” എന്നെഴുതിയ പ്ലക്കാര്‍ഡുമായി എഴുന്നേറ്റു നിന്നു. ഇത് പിന്നീട് കൂടുതല്‍ പേര്‍ ഏറ്റെടുക്കുകയും ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
അവരെ തടയരുതെന്നും അവര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ആദ്യ ഘട്ടത്തില്‍ ഗവര്‍ണര്‍ പറഞ്ഞെങ്കിലും പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ പ്രതിഷേധത്തിന് വയലന്‍സിന്റെ സ്വഭാവം വന്നെന്ന് അദ്ദേഹം പറയുകയും ഇതോടെ പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റുകയുമായിരുന്നു.
ഇതോടെ പ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സംഘാടകര്‍ രംഗത്തെത്തി. പ്രതിനിധികള്‍ ഗസ്റ്റുകളാണെന്നും ഗവര്‍ണര്‍ അവരെ പ്രകോപിപ്പിക്കുകയാണെന്നും സംഘാടകര്‍ പൊലീസിനെ ചൂണ്ടിക്കാട്ടി.
പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധിക്കുന്നത് അവരുടെ അവകാശമാണെന്നും പറഞ്ഞ് എം.പി കെ.കെ രാഗേഷ് ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ ആരിഫ് ഖാന്‍ പ്രസംഗം അവസാനിപ്പിച്ച് ഇറങ്ങുമ്പോള്‍ കൂക്കിവിളിയോടെയാണ് അദ്ദേഹത്തെ സദസ് നേരിട്ടത്.