'എനിക്കങ്ങ് ദല്‍ഹിയിലുമുണ്ടേടാ പിടി....'നടുറോട്ടിലെ അഭ്യാസത്തില്‍ ഗവര്‍ണറെ പരിഹസിച്ച് സോഷ്യല്‍മീഡിയ
Kerala
'എനിക്കങ്ങ് ദല്‍ഹിയിലുമുണ്ടേടാ പിടി....'നടുറോട്ടിലെ അഭ്യാസത്തില്‍ ഗവര്‍ണറെ പരിഹസിച്ച് സോഷ്യല്‍മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th January 2024, 1:51 pm

തിരുവനന്തപുരം: എസ്.എഫ്.ഐ പ്രതിഷേധത്തിന് പിന്നാലെ കാറില്‍ നിന്നിറങ്ങി നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ.

നിരവധി മീമുകളും ട്രോളുകളുമാണ് ഗവര്‍ണര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നടന്‍ ജഗതി ശ്രീകുമാറിന്റെ നടു റോട്ടില്‍ പായവിരിച്ചു കിടക്കുന്ന തരത്തിലുള്ള മീമുകളാണ് ഇതില്‍ ചിലത്. പ്രധാനമന്ത്രിയെ വിളിയെടോ, ഡി.ജി.പിയെ വിളിയെടോ അമിത് ഷായെ വിളിക്കെടോ എന്നൊക്കെ പറഞ്ഞാണ് ട്രോളുകളും മീമുകളും ചില ട്രോള്‍ ഗ്രൂപ്പുകളില്‍ വരുന്നത്.

‘ഞാന്‍ പ്രധാനമന്ത്രിയെ വിളിക്കും, ആ ശരി വിളിച്ചോ,
ഫോണ്‍ എടുക്കുന്നില്ല.
ഞാന്‍ അമിത്ഷായെ വിളിക്കും,
ഉം.. എന്തേ
ഫോണ്‍ എടുക്കുന്നില്ല
മുഖ്യമന്ത്രി ഇവിടെ വരണം…
നടക്കുന്ന കാര്യം വല്ലതും ….

എന്നാ ഡി.ജി.പി വരണം.
ഉം ഉം…
അതേ ആ എസ്.ഐയോട് എഫ്.ഐ.ആറിന്റഎ കോപ്പി തരാമോ എന്ന് ചോദിക്ക്..വിശക്കുന്നു.. രാജ്ഭവനില്‍ പോയി കേരളത്തിലെ ജനങ്ങളുടെ ചിലവില്‍ ഉണ്ടാക്കിയ ഫുഡ് തിന്നണം’ എന്നിങ്ങനെയാണ് ചില കമന്റുകള്‍.

‘ആട്ടുക്ക് താടിയും നാട്ടുക്ക് ആള്‍നറും തേവയില്ലൈ’ എന്ന് മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. അതായത് ആടിന് താടിയും നാടിന് ഗവര്‍ണറും വേണമെന്ന് യാതൊരു ആവശ്യോം ഇല്ലെന്ന്’ എന്നാണ് മറ്റൊരു കമന്റ്.

എനിക്ക് ദല്‍ഹിയിലുമുണ്ടെടാ പിടി… ടാസ്‌കി വിളിയെടാ.. ദല്‍ഹിയിലേക്കൊന്ന് വിളിച്ചാലോ തുടങ്ങി നിരവധി കമന്റുകളും വരുന്നുണ്ട്.

മുമ്പ് വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ അരി കൊമ്പന് എന്നായിരുന്നു…ഇപ്പോള് വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ എന്നായി….എന്തായാലും രണ്ടും കേരളത്തിലെ ജനജീവിതം ദുസ്സഹമായി മാറ്റുന്നുണ്ട്.. എന്നിങ്ങനെയാണ് കമന്റുകള്‍.

നിലമേലില്‍ വെച്ചായിരുന്നു ഗവര്‍ണറുടെ വാഹനത്തിന് വേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

ഇതിന് പിന്നാലെ കാറില്‍നിന്ന് ഇറങ്ങിയ ഗവര്‍ണര്‍ പൊലീസിനുനേരെ ആക്രോശിച്ചു. പൊലീസിനെ രൂക്ഷമായ ഭാഷയില്‍ ശകാരിച്ച അദ്ദേഹം റോഡ് വക്കില്‍ കസേരയിട്ട് പ്രതിഷേധിക്കുകയായിരുന്നു. സമരം നടത്തിയ മുഴുവന്‍ പേര്‍ക്കുമെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഗവര്‍ണറുടെ പ്രതിഷേധം.

അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയെയും ഗവര്‍ണര്‍ വിളിച്ചു പരാതി പറഞ്ഞു. പ്രധാനമന്ത്രിയെ വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

സംഘി ഗവര്‍ണര്‍ ഗോബാക്ക് എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ വാഹനവ്യൂഹത്തിനുനേരെ കരിങ്കൊടിയുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തിയത്.

പൊലീസ് നിര്‍ബന്ധിച്ചിട്ടും വാഹനത്തില്‍ കയറാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. 17 പേര്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചെങ്കിലും എഫ്.ഐ.ആറിന്റെ പകര്‍പ്പ് കിട്ടാതെ പോകില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.

ഗവര്‍ണറുടെ നാലാമത്തെ ഷോയാണ് ഇതെന്നും ഗവര്‍ണര്‍ വല്ലാത്ത മാനസികാവസ്ഥയിലാണെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ സുരക്ഷയും അദ്ദേഹത്തിന് നല്‍കുന്നുണ്ടെന്നും തന്റെ പദവി പോലും നോക്കാതെ അദ്ദേഹം പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

അദ്ദേഹം ഇരിക്കുന്നിടത്ത് മുഖ്യമന്ത്രി വരണം, ചീഫ് സെക്രട്ടറി വരണം എന്നൊക്കെയാണ് പറയുന്നത്. ഇതൊന്നും കേട്ട് കേള്‍വിയില്ലാത്ത കാര്യമാണ്. ആരിഫ് മുഹമ്മദ് ഖാന്‍ മനസിലാക്കേണ്ടത് ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ഇതെന്ന കാര്യമാണ്.

ആ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയോട് എത്ര തവണ നിങ്ങള്‍ മര്യാദയില്ലാതെ പെരുമാറിയിരിക്കുന്നു. അപ്പോള്‍ സഹിച്ചും പൊറുത്തും ഞങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങ് ഈ ഷോ നടത്തി ഇടത് മുന്നണി സര്‍ക്കാരിനേയും ജനങ്ങളേയും വിരട്ടാമെന്ന് കരുതണ്ട. അത് വിലപ്പോവില്ല,’ വി. ശിവന്‍കുട്ടി പറഞ്ഞു.

ഗവര്‍ണറുടെ പെരുമാറ്റം വിചിത്രമാണെന്നും പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാന്‍ അദ്ദേഹം നോക്കുകയാണെന്നായിരുന്നു മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം. അതേസമയം വിഷയത്തില്‍ മറുപടി ഒരു ചിരിയിലൊതുക്കുകയായിരുന്നു മുഖ്യമന്ത്രി.

Content Highlight: Governer Arif Muhammed Khan Trolls on Social Media