| Friday, 10th November 2023, 4:01 pm

കേരള ഗവര്‍ണറെ കുറിച്ച് സുപ്രീം കോടതി ഒന്നും പറഞ്ഞിട്ടില്ലല്ലോ; കോടതിയെ വിമര്‍ശിക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സുപ്രീം കോടതിയെ വിമര്‍ശിക്കാനില്ലെന്നും കോടതിയെ വിശുദ്ധ പശുവായാണ് ഗവര്‍ണര്‍ കരുതുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതിയുടെ പഞ്ചാബ് ഗവര്‍ണര്‍ക്കെതിരെയുള്ള പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ കുറിച്ച് സുപ്രീം കോടതി ഒന്നും പരാമര്‍ശിച്ചിട്ടില്ല എന്നാണ് തന്റെ അറിവെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരള ഗവണ്‍മെന്റിന് പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെങ്കിലും ധൂര്‍ത്തിന് കുറവില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

ഭരണഘടനാപരമായ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്നും സര്‍ക്കാര്‍ അനുമതി തേടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷം മാത്രം സേവനം ചെയ്ത മന്ത്രിമാരുടെ പി.എമാര്‍ക്ക് ജീവിതകാലം മുഴുവന്‍ നല്‍കുന്ന പെന്‍ഷന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കണമെന്നും സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി കാര്യങ്ങളില്‍ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു.

ബില്ലുകളില്‍ ഒപ്പിടാത്ത പഞ്ചാബ്, തമിഴ്‌നാട് ഗവര്‍ണര്‍മാരെ സുപ്രീംകോടതി ഇന്ന് വിമര്‍ശിച്ചിരുന്നു. ഗവര്‍ണര്‍മാര്‍ സര്‍ക്കാറുകളുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാന്‍ ഗവര്‍ണമാര്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഗവര്‍ണര്‍മാര്‍ ഇങ്ങനെ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെയെത്തുമെന്നും സുപ്രീം കോടതി ചോദിച്ചു. പഞ്ചാബ്,തമിഴ്‌നാട് സര്‍ക്കാറുകളുടെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. കേരള ഗവണ്‍മെന്റിന്റെ ഗവര്‍ണര്‍ക്കെതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചില്ല.

content highlight : Governer Arif Muhammadkhan statement on supreme court verdict

We use cookies to give you the best possible experience. Learn more