| Saturday, 19th February 2022, 12:25 pm

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടി റിക്രൂട്ട്‌മെന്റ്; നിയമത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നു; വിമര്‍ശനവുമായി ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും തുറന്ന പോരുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തെയാണ് ഗവര്‍ണര്‍ വിമര്‍ശിച്ചത്.

പേഴ്‌സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടി റിക്രൂട്ട്‌മെന്റ് നടത്തുകയാണെന്നും സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.

രണ്ട് വര്‍ഷം കഴിയുമ്പോള്‍ സ്റ്റാഫുകളെ മാറ്റുകയാണ്. 20 ല്‍ അധികം പേരെ ഓരോ മന്ത്രിമാരും സ്റ്റാഫുകളായി വെക്കുന്നു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത രീതി ഇവിടെ തുടരുന്നു. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കുന്നു. പെന്‍ഷനും ശമ്പളവും അടക്കം വന്‍ സാമ്പത്തിക ബാധ്യതയാണ് ഇതുവഴി സംസ്ഥാനത്തിന് ഉണ്ടാകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

പേഴ്സണല്‍ സ്റ്റാഫിലെ രാഷ്ട്രീയ നിയമനത്തെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഭിന്നത രൂക്ഷമാകുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കാണുന്നത്. രാഷ്ട്രീയ നിയമനങ്ങള്‍ പുന:പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പേഴ്സണല്‍ സ്റ്റാഫില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നിയമനങ്ങള്‍ നടത്തുകയാണ് തുടര്‍ന്നുവരുന്ന രീതി. രണ്ടര വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ ഇവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ട്. അതുകൊണ്ടുതന്നെ രണ്ടര വര്‍ഷത്തിനു ശേഷം പുതിയ ആളുകളെ നിയമിക്കുന്നതും പതിവാണ്.

2019-20ല്‍ 34.79 കോടിയാണ് പേഴ്സണല്‍ സ്റ്റാഫിന്റെ ശമ്പളവും യാത്രാ ബത്തയുമായി സര്‍ക്കാര്‍ ചെലവാക്കിയത്. പെന്‍ഷന്‍ ഇനത്തില്‍ 7.13 കോടിയും ഗ്രാറ്റിവിറ്റിയായി 1.79 ലക്ഷവും ചെലവാക്കിയിട്ടുണ്ട്.

അതേസമയം തന്നെ വിമര്‍ശിച്ച എ.കെ ബാലനെതിരെയും ഗവര്‍ണര്‍ രൂക്ഷവിമര്‍ശനം നടത്തി. പേരിലെ ബാലന്‍ വളരാന്‍ തയ്യാറാകുന്നില്ലെന്നും ബാലന്‍ ബാലിശമായി സംസാരിക്കരുതെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.

ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് വി.ഡി. സതീശന്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ടുപഠിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

തനിക്ക് ഉത്തരം പറയേണ്ട ബാധ്യത രാഷ്ട്രപതിയോട് മാത്രമാണെന്നും രാജ്ഭവനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വരേണ്ടതില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ദല്‍ഹിയിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

Latest Stories

We use cookies to give you the best possible experience. Learn more