സര്‍ക്കാര്‍ ഭൂമിയിലുള്ള ആരാധനാലയങ്ങള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും ഭൂമി പതിച്ച് നല്‍കും; ഇ. ചന്ദ്രശേഖരന്‍
Kerala News
സര്‍ക്കാര്‍ ഭൂമിയിലുള്ള ആരാധനാലയങ്ങള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും ഭൂമി പതിച്ച് നല്‍കും; ഇ. ചന്ദ്രശേഖരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th July 2018, 9:53 am

തിരുവനന്തപുരം:  സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ആരാധാനാലയങ്ങള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉപാധികളോടെ ഭൂമി പതിച്ചു നല്‍കാന്‍ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍.  പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സ്ഥലം നല്‍കി ബാക്കിയുള്ള സ്ഥലം തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഇപ്പോഴുള്ള ഭൂമിയുടെ വില കണക്കാക്കി അത്യാവശ്യം വേണ്ട ഭൂമി മാത്രമാണ് പതിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നത്. വിപണിവില നല്‍കാന്‍ കഴിയാത്തവര്‍ക്കായി ഭൂമി ഒരു നിശ്ചിത വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.


ALSO READ: താജ്മഹലിനകത്ത് ഇനി പുറത്തുനിന്നുള്ളവര്‍ക്ക് നിസ്‌ക്കരിക്കാനാകില്ല; സുപ്രീം കോടതി


സംസ്ഥാനത്ത് ആരാധാനാലയങ്ങള്‍ ഉള്‍പ്പടെയുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഭൂമി കുറച്ചധികം വര്‍ഷങ്ങളായി കൈയ്യേറിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഭൂമി മാത്രം നല്‍കും. ബാക്കി ഇവര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കും.

അതേസമയം കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ പാട്ടത്തില്‍ കുടിശ്ശിക വരുത്തുന്ന ഭൂമി തിരിച്ചെടുക്കുമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഭൂമിയ്ക്ക് മേലുള്ള പാട്ടത്തുക കൃത്യമായി അടച്ചാല്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ പാട്ടക്കാലാവധി നീട്ടിനല്‍കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അഡ്വക്കേറ്റ് ജനറലിനും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനും നല്‍കുമെന്ന് മന്ത്രി അറിയിച്ചിരിക്കുകയാണ്.


ALSO READ: കുടുംബപ്രശ്നം പരിഹരിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി ബലാത്സംഗം ചെയതു; മറ്റൊരു വൈദികനെതിരെയും കേസ്


അതേസമയം മുഖ്യമന്ത്രിയുടെ അഭാവത്തിലാണ് റവന്യുവകുപ്പിന്റെ ഈ നിര്‍ണ്ണായക തീരുമാനം. എന്നാല്‍ മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് റവന്യു വകുപ്പിന്റെ ഈ സുപ്രധാന തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.