| Wednesday, 19th February 2014, 12:50 am

പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍; വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് സഹകരണ വകുപ്പുമന്ത്രിയെ ബന്ധപ്പെടുത്തി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് സഹകരണ വകുപ്പു മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുളള പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന സഹകരണ വകുപ്പുമന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രസ്തുത കോളേജുകളുടെ പ്രവര്‍ത്തനം വിലയിരുത്തി, ആസ്തി -ബാധ്യതകള്‍ തിട്ടപ്പെടുത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന് യഥാക്രമം കണ്ണൂര്‍, എറണാകുളം ജില്ലാ കളക്ടര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.

എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിന്റെ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ നിന്നും ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്.

പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭാരിച്ച സാമ്പത്തിക ബാധ്യതയും ഉയര്‍ന്ന സ്റ്റാഫ് ഘടനയും കണക്കിലെടുത്ത് നിലവിലുളള പ്രശ്‌നങ്ങളും  പരിഹാരമാര്‍ഗ്ഗങ്ങളും സൂക്ഷ്മതലത്തില്‍ പരിശോധിച്ചിട്ടുണ്ട്.

ഇത് ശുപാര്‍ശ ചെയ്യുന്നതിന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായും ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, സഹകരണ വകുപ്പ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായുമുളള ഒരു കമ്മിറ്റി രൂപീകരിച്ചുകൊണ്ട് 2013 സെപ്തംബര്‍ 23 ന് (ജി.ഒ. (ആര്‍.ടി) നം. 3257/2013/എച്ച് ആന്‍ഡ് എഫ്.ഡബ്ല്യു.ഡി. ആയി) ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍  വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.

വസ്തുത ഇതായിരിക്കേ ഇതു സംബന്ധിച്ച് സഹകരണ വകുപ്പുമന്ത്രിയെ ബന്ധപ്പെടുത്തി വന്നിട്ടുളള വാര്‍ത്തകള്‍ക്ക് യാതൊരടിസ്ഥാനവുമില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

We use cookies to give you the best possible experience. Learn more